X

ഇനി പറക്കാം, വരുന്നൂ ഉബർ എയർ

മെൽബണില്‍ പരീക്ഷണ പറക്കല്‍ നടത്തി

യു.എസ് കാബ് സേവനദാതാക്കളായ ഉബറിന്‍റെ ഫ്ലയിംഗ് ടാക്സിയായ ‘ഉബർ എയർ’ മെൽബണില്‍ പരീക്ഷണ പറക്കല്‍ നടത്തി. അമേരിക്കക്ക് പുറത്ത് ആദ്യമായാണ്‌ ഉബർ എയർ പറക്കാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കലുകള്‍ അടുത്ത വര്‍ഷം വരേ തുടരുമെന്നും, 2023-ൽ വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തനം തുടങ്ങുമെന്നും ഉബര്‍ അറിയിച്ചു.

ഉബർ കാറുകൾ ബുക്ക് ചെയ്യുന്ന രീതിയിൽ തന്നെ മൊബൈൽ ആപ്പ് വഴി ഇവ ബുക്ക് ചെയ്യാം. വിവിധ ഇടങ്ങളില്‍ പ്രത്യേക ‘സ്കൈ പോര്‍ട്ടുകള്‍’ യുബര്‍ സ്ഥാപിക്കും. ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ചെറിയ എയർക്രാഫ്റ്റുകൾ എന്നിവ ഈ സർവീസിനായി ഉപയോഗിക്കും. കുറഞ്ഞ വിസ്തൃതിയിലുള്ള പ്രദേശങ്ങളില്‍പോലും കുത്തനെ ഉയരാനും താഴാനും കഴിവുള്ള വാഹനങ്ങളാണ് ഇവ.

പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഗതാഗത തടസ്സങ്ങൾ കുറയുമെന്ന് ഉബർ വക്താവ് എറിക് അലൈസണ്‍ പറഞ്ഞു. സിബിഡിയിൽ നിന്ന് മെൽബൺ വിമാനത്താവളത്തിലേക്കുള്ള 19 കിലോമീറ്റർ കാറില്‍ യാത്ര ചെയ്യാന്‍ 25 മിനിറ്റ് മുതൽ ഒരു മണിക്കൂറോളം സമയമെടുക്കും. എന്നാൽ ഉബർ എയറിനു 10 മിനിറ്റ് മാത്രം മതി.

അമേരിക്കയിലെ ഡാലസ്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങളിലാണ് കമ്പനി ഇതിന്‍റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങൾ പരീക്ഷണ പറക്കൽ നടത്തുന്നതിനുള്ള ലിസ്റ്റിൽ ഉബർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളും അവര്‍ പരിഗണിക്കുന്നുണ്ട്. ദുബായിലും ഇതിന്റെ ട്രയൽ നടത്തിയിരുന്നു. പൈലറ്റില്ലാതെ പറക്കുന്ന ഉബറിന്‍റെ ചെറു വിമാനങ്ങള്‍ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

Read More: പ്രളയത്തില്‍ നിന്ന് ആരെയാണ് കൈപിടിച്ചുയര്‍ത്തിയത്? പുനര്‍നിര്‍മ്മാണ വായ്ത്താരികള്‍ എത്താത്ത കൈനകരിയിലെ വലിയ തുരുത്ത്