X

ഉബർ വൻ നഷ്ടത്തിൽ; ഓഹരിമൂല്യം 10% ഇടിഞ്ഞു

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിൽ ഉബെറിന്റെ വരുമാനം 14 ശതമാനം ഉയർന്ന് 3.17 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഓഹരിവില കുത്തനെ ഇടിഞ്ഞു.

ഉബര്‍ കമ്പനി വന്‍ നഷ്ടത്തിലെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5.24 ബില്യൺ ഡോളർ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ത്രൈമാസ നഷ്ടമാണിത്. റിപ്പോര്‍ട്ടു പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിമൂല്യം 10% ഇടിഞ്ഞു. ഉബര്‍ പ്രതീക്ഷിച്ചതിലും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിൽ ഉബെറിന്റെ വരുമാനം 14 ശതമാനം ഉയർന്ന് 3.17 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഓഹരിവില കുത്തനെ ഇടിഞ്ഞു. ‘ഈ വര്‍ഷം ഉബര്‍ അതിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ നിക്ഷേപം നടത്താന്‍ പോവുകയാണെന്നും, അതുകൊണ്ട് 2020-21 വര്‍ഷങ്ങളില്‍ നഷ്ടം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഉബറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാര ഖോസ്‌റോഷാഹി പറഞ്ഞു.

ഉബെറിന്റെ വൻ നഷ്ടം ഇതിനകംതന്നെ നിക്ഷേപകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മാർക്കറ്റിംഗ് ടീമിലെ 400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതായി കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിലെ നഷ്ടം പ്രധാനമായും കമ്പനിയുടെ ഓഹരികളെയാണ് ബാധിക്കുക. എന്നാല്‍ അതൊഴിച്ചു നിര്‍ത്തിയാലും നഷ്ടം ഏകദേശം 1.3 ബില്യൺ ഡോളറാണ്. അത് കഴിഞ്ഞ പാദത്തേക്കാൾ 30% വര്‍ധനവാണ്. അതേസമയം ഉബറിന്‍റെ പ്രധാന എതിരാളിയായ ലിഫ്റ്റുമായി മത്സരിച്ചു കൊണ്ടാണ് ടാക്സി സേവനങ്ങള്‍ക്കു പുറമേ ഭക്ഷ്യ വിതരണത്തിനായുള്ള ‘ഉബർ ഈറ്റ്സ്’ അടക്കമുള്ള പുതിയ സംരംഭങ്ങളില്‍ കമ്പനി മുതല്‍ മുടക്കിയത്. പ്രതീക്ഷിച്ചതിലും മികച്ച വരുമാനത്തിലാണ് ലിഫ്റ്റ് പോകുന്നത് എന്നതും ശ്രദ്ധേയമാണ്.