X

സാമൂഹിക മുന്നേറ്റങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവരുടെയും സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും: മുഖ്യമന്ത്രി

അപൂര്‍വം ചിലര്‍ എന്താണ് 82-ാം വാര്‍ഷികം ആചരിക്കാന്‍ തീരുമാനിച്ചതെന്ന് ചോദിക്കുകയുണ്ടായി. അത് അവരുടെ മനസ് വെളിപ്പെടുത്തുന്ന ചോദ്യമായിരുന്നു

ഒരുകാലത്ത് എല്ലാ മനുഷ്യര്‍ക്കും പ്രവേശനമുണ്ടായിരുന്ന ശബരിമലയെയാണ് ഇപ്പോള്‍ ഇങ്ങനെയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഒരുകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അര്‍ഹതയുണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ക്കും നാടുവാഴികള്‍ക്കും മാത്രമാണ് അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നത്. തികച്ചും ജാതിയമായ സമ്പ്രദായങ്ങളെ മാത്രം ഊട്ടിയുറപ്പിക്കുന്ന സംവിധാനമാണ് ഇവിടെയുണ്ടായിരുന്നത്.

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സുപ്രധാനമായ ചരിത്രമാണ് ക്ഷേത്രപ്രവേശന വിളംബരത്തിനുള്ളത്. 1936 നവംബര്‍ 12-ാം തിയതി ആണ് ഈ വിളംബരം പുറപ്പെടുവിക്കപ്പെടുന്നത്. രാജ്യത്ത് ആകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇതെന്നതില്‍ തര്‍ക്കമില്ല. രാജ്യത്താകമാനമുള്ള ഒട്ടനവധി പേര്‍ അന്ന് തിരുവിതാംകൂറിലേക്ക് ഓടിയെത്തുകയുണ്ടായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപൂര്‍വം ചിലര്‍ എന്താണ് 82-ാം വാര്‍ഷികം ആചരിക്കാന്‍ തീരുമാനിച്ചതെന്ന് ചോദിക്കുകയുണ്ടായി. അത് അവരുടെ മനസ് വെളിപ്പെടുത്തുന്ന ചോദ്യമായിരുന്നു. അവര് ചോദിച്ചത് 81ല്‍ ആചരിച്ചില്ല, 80ല്‍ ആചരിച്ചില്ല പിന്നെ ഇത്തവണ മാത്രം എന്നായിരുന്നു ആ ചോദ്യം.

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ കഴിഞ്ഞ വാര്‍ഷികങ്ങളിലല്ല കേരള സമൂഹം ഇപ്പോള്‍ ജീവിക്കുന്നത് എന്നതാണ് അതിനുള്ള മറുപടി. അതുകൊണ്ട് തന്നെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രസക്തി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചരിത്രം പരിശോധിച്ചാല്‍ മാത്രമാണ് ഈ നാട്ടില്‍ ഏതെല്ലാം വിധത്തിലുള്ള അതിക്രമങ്ങള്‍ നടന്നുവെന്ന് നമുക്ക് മനസിലാകൂ.

അതില്‍ മാറ് മറച്ച് കാണാന്‍ ചെന്നവരുടെ തുണി വലിച്ചെടുത്ത് മാറ് ഛേദിച്ച് കളഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അതാണ് അക്കാലം. ചുണ്ണാമ്പ് കണ്ണിലൊഴിച്ചതിനെ പറ്റി പറയുന്നു. നമ്മുടെ നാടെന്തായിരുന്നു. എവിടന്നാണ് നമ്മള്‍ ഇവിടെയെത്തിയത്. ഇത് നമ്മുടെ യുവ തലമുറയെ അറിയിക്കേണ്ടതുണ്ട്. എന്തായിരുന്നു നമ്മുടെ നാടിന്റെ പഴയ അവസ്ഥ? എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്? വളരുന്ന തലമുറയാണ് ഇക്കാര്യം കൃത്യമായി മനസിലാക്കേണ്ടത്. നമ്മുടെ വിദ്യാര്‍ത്ഥികളിലേക്ക് ഇതെത്തണം.

ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് നാം കാണേണ്ടത് 1829ലെ സതി നിരോധനത്തിന് ശേഷമുള്ള സാമൂഹിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. രണ്ട് രീതിയില്‍ ഇതിനെ നോക്കിക്കണ്ടവരുണ്ട്. അധികാര സ്ഥാനത്തു നിന്നും അനുവദിക്കപ്പെട്ട ഒരു ദാക്ഷിണ്യമായി ഇതിനെ കണ്ടവരുണ്ട്. എന്നാല്‍ അതേസമയം സാമൂഹിക ചരിത്രത്തിന്റെ നവോത്ഥാന ക്രമത്തില്‍ മറ്റൊരു മാര്‍ഗ്ഗമില്ലാതെ അനുവദിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഇളവ് എന്ന രീതിയില്‍ ഇതിനെ കണ്ടവരുമുണ്ട്. ചരിത്രത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് വായിക്കുമ്പോള്‍ ഇതില്‍ രണ്ടാമത്തേതിനാണ് പ്രാമണ്യം എന്ന് കാണാം. തീര്‍ച്ചയായും ക്ഷേത്രപ്രവേശന വിളംബരം വലിയൊരു മാറ്റത്തിന്റെ നാന്ദി ആകുകയായിരുന്നു. ഈ മാറ്റം കേരളത്തില്‍ രൂപപ്പെടാന്‍ ഇടയാക്കിയത് തിരുവിതാംകൂറിലാകെ ഉയര്‍ന്നു വന്ന സാമൂഹിക പുരോഗതി സംബന്ധിച്ച മുദ്രാവാക്യങ്ങളും നവോത്ഥാനോന്മുകമായ മുന്നേറ്റങ്ങളുമാണ് എന്നത് കാണാതിരിക്കരുത്. അക്കാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത് ബ്രാഹ്മണര്‍ക്ക്, ക്ഷേത്ര പരികര്‍മ്മികള്‍ക്ക്, നാടുവാഴികള്‍ക്ക് മാത്രം. മറ്റാര്‍ക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ദേവതകളെ ആരാധിച്ചത് കാവുകളിലായിരുന്നു. ആ കാവുകളില്‍ അതാത് കാവുകള്‍ നടത്തുന്ന സമുദായങ്ങള്‍ക്ക് കടന്ന് വരാനുള്ള സാഹചര്യവുമുണ്ടായിരുന്നു. ഇങ്ങനെ തികച്ചും ജാതീയമായ സംവിധാനങ്ങളെ ഊട്ടി ഉറപ്പിക്കുന്ന സമ്പ്രദായമായിരുന്നു ആരാധനാ കാര്യത്തില്‍ നിലനിന്നിരുന്നത്. ആരാധനയിലൂടെയും ജാതീയത ഊട്ടി ഉറപ്പിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ മാത്രമല്ല, ബ്രാഹ്മണേതര സവര്‍ണ വിഭാഗങ്ങളുടെ കാവുകള്‍ പോലും ഹിന്ദുമതത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് അന്യമായിരുന്നു.

തിരുവിതാംകൂറില്‍ അയ്യാ വൈകുണ്ഠനെ പോലുള്ളവര്‍ ക്ഷേത്രങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കറാവട്ടെ തന്റെ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 1885ല്‍ തന്റെ കുടുംബത്തില്‍ സ്വന്തമായി ഒരു ക്ഷേത്രം പണിതു. ചെങ്ങന്നൂരില്‍ ആദ്യത്തെ ക്ഷേത്ര പ്രവേശനത്തിന് മുന്‍കൈയെടുത്തതും അദ്ദേഹമായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കരെയൊന്നും നമ്മുടെ ചരിത്രത്തില്‍ അത്രയധികം രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ വലിയ പോരാളിയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര മഹാദേവ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അരുവിപ്പുറം നിവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ശ്രീനാരായണ ഗുരു 1888ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത്.

വൈക്കം ക്ഷേത്രത്തിന് അടുത്തു കൂടി എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം വേണമെന്ന് ടി കെ മാധവന്റെ നേതൃത്വത്തിലുള്ള കര്‍മ്മ സമിതിയാണ് ആവശ്യപ്പെട്ടത്. വൈക്കം സത്യാഗ്രഹം ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതിന് വേണ്ടിയായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ളവര്‍ ഈ പ്രക്ഷോഭത്തില്‍ പങ്കാളികളായി. പഞ്ചാബില്‍ നിന്നും അകാലി ദള്‍ ഈ സമരത്തിന് പിന്തുണ നല്‍കി. ഗുരുവായൂര്‍ സത്യാഗ്രഹം ഇതിന്റെ തുടര്‍ച്ചയായാണ്. കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി പോലുള്ള കൃതികളും സാംസ്‌കാരികമായി ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കി.

പഠിക്കാനും പഠിച്ചാല്‍ പഠിപ്പിനൊത്ത ജോലി മേടിക്കാനും വേണ്ടിയും ഇവിടെ സമരങ്ങള്‍ നടന്നിട്ടുണ്ട്. തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ സംവരണം അനുവദിക്കാന്‍ വേണ്ടി മാത്രം പ്രക്ഷോഭം ഉണ്ടായി. തിരുവിതാംകൂറില്‍ പൊതുവില്‍ ക്ഷേത്രപ്രവേശനം സവര്‍ണ ന്യൂനപക്ഷത്തിന് മാത്രമുണ്ടായിരുന്നപ്പോഴും ശബരിമലയില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആ ശബരിമലയെയാണ് മറ്റ് ക്ഷേത്രങ്ങളുടെ പോലും പിന്നിലാക്കാനുള്ള ശ്രമം നടക്കുന്നത്.

ക്ഷേത്രപ്രവേശനമെന്നത് നമ്മുടെ പൂര്‍വികര്‍ നടത്തിയ ഒരു മുന്നേറ്റമായിരുന്നു. സാമൂഹിക മുന്നേറ്റങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവരുടെയും സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും- മുഖ്യമന്ത്രി പറഞ്ഞ് നിര്‍ത്തി.

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

രഥയാത്ര അവസാനിക്കുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായി മാറും: പിഎസ് ശ്രീധരന്‍ പിള്ള

This post was last modified on November 9, 2018 6:33 pm