X

തട്ടും പുറത്ത് അച്യുതനുണ്ടോ? ഉണ്ടെന്നും പറയാം, ഇല്ലെന്നും പറയാം

ഒരു സിനിമയ്ക്ക് ടിക്കറ്റെടുത്ത് കയറുന്ന പ്രേക്ഷകന് പതിനാറ് സിനിമയ്ക്കുള്ള ഐറ്റംസാണ് മുന്നിലേക്ക് വാരിവിതറപ്പെടുന്നത്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകളിൽ ഒന്നാണ് സുദേവന്റെ ‘തട്ടിൻപുറത്തപ്പൻ’ തട്ടിൻപുറത്തപ്പന്റെ വൻ വിജയത്തിനൂശേഷമായിരുന്നു സുദേവൻ ക്രൈം നമ്പർ 89 എന്ന ഫീച്ചർ ഫിലിം എടുത്തതും ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതും. ലാൽജോസും സിന്ധുരാജും ചേർന്ന് കുഞ്ചാക്കോ ബോബനെ നായകനാക്കി തട്ടും പുറത്ത് അച്യുതൻ എന്ന് സിനിമ അനൗൺസ് ചെയ്തത് മുതൽ എന്റെ ആകാംക്ഷയും കൗതുകവും അത് തട്ടിൻപുറത്തപ്പന്റെ മോഷണമാവുമോ എന്നത് മാത്രമായിരുന്നു.

ഇന്നിപ്പോൾ തട്ടും പുറത്ത് അച്യുതൻ കണ്ടിറങ്ങുമ്പോൾ ആ കൗതുകത്തിനും ആകാംക്ഷയ്ക്കുമപ്പുറം ആകെമൊത്തം കൺഫ്യൂഷനാണ്. സംഭവം ലാൽജോസും സിന്ധുരാജും സുദേവന്റെ സിനിമ കണ്ടിട്ടുണ്ട്. അതിന്റേതായ ലാഞ്ഛനകൾ പടത്തിൽ ഉടനീളം കാണാനുമുണ്ട്. പക്ഷെ, തട്ടും പുറത്ത് അച്ചുതൻ എന്ന ഈ സിനിമയുടെ കഥയും കണ്ടന്റും എന്താണെന്ന് ചോദിച്ചാൽ കണ്ടിറങ്ങുന്ന പ്രേക്ഷകനൊപ്പം ലാൽജോസിനും സിന്ധുരാജിനും കുഞ്ചാക്കോ ബോബനും ഇതിൽ വന്നുപോകുന്ന നൂറുകണക്കിന് ക്യാരക്റ്ററുകൾക്കും നടീനടന്മാർക്കും കൈമലർത്തി കാണിക്കുകയല്ലാതെ രക്ഷയൊന്നുമില്ല. അതിനാൽ തന്നെ ഈ ഉരുപ്പടിയിൽ പ്രത്യേകിച്ചൊരു മോഷണാരോപണത്തിനൊന്നും ഒരു സാധ്യതയുമില്ല താനും…

എന്നുവച്ച് തട്ടും പുറത്ത് അച്യുതൻ ഒരു മോശം സിനിമയാണോ അതല്ല താനും. കഥയും കണ്ടന്റും മാത്രമല്ലല്ലോ സിൽമ. നേരത്തെപറഞ്ഞ പോൽ കണക്കിന് ക്യാരക്റ്ററുകളും ആയിരക്കണക്കിന് എന്റർടൈന്മെന്റ് എലമെന്റുകളും ടൺകണക്കിന് കളർഫുൾനെസ്സുമായി ലാൽജോസിങ്ങനെ ആനന്ദലഹരിയിൽ ആറാടിക്കുകയാണ് വെക്കേഷൻകാല പ്രേക്ഷകരെ.. സവർണഹൈന്ദവനൃത്തനൃത്യങ്ങളും ശ്രീകൃഷ്ണഭക്തിലഹരിയുമെല്ലാം അച്ചാലും മുച്ചാലും വാരിവിതറാനും മടി കാണിച്ചിട്ടില്ലാത്തതിനാൽ അച്യുതനെ മലയാളികൾക്ക് ഏറ്റെടുക്കാതിരിക്കാൻ രക്ഷയില്ല താനും.

ചേലപ്രം എന്ന നന്മനിറഞ്ഞ ഗ്രാമത്തിന്റെയും അവിടത്തെ അച്യുതൻ എന്ന നിഷ്കളങ്കയുവാവിന്റെയും ചുറ്റുമുള്ള എണ്ണമറ്റ നാട്ടുകാരുടെയും വിശേഷങ്ങളുമായാണ് സിനിമ തുടങ്ങുന്നത്. സത്യൻ അന്തിക്കാട് പോലും കൈവിട്ട അന്തിക്കാടിയൻ ശൈലിയിൽ ആണ് കാര്യങ്ങൾ മന്ദം മന്ദം മുന്നോട്ട് പോവുന്നു. സത്യം പറഞ്ഞാൽ , അച്യുതന്റെ ജീവിതത്തിൽ നടക്കാൻ പോവുന്ന കാര്യങ്ങൾ അയാളെ നേരിട്ട് പരിചയപ്പെടുന്നതിന് മുൻപ് തന്നെ കുഞ്ഞുട്ടൻ (ആദിഷ് പ്രവീൺ) എന്ന പയ്യൻ സ്ഥിരം സ്വപ്നം കാണുന്നു എന്ന ആദ്യഷോട്ട് ഡെവലപ്പ് ചെയ്താൽ തന്നെ ഒരു മികച്ച സിനിമയ്ക്ക് സ്കോപ്പ് ഉണ്ടായിരുന്നു. അതുമായിട്ടാവും ലാൽജോസ് മുന്നോട്ട് പോവുക എന്ന് നമ്മൾ ന്യായമായും പ്രതീക്ഷിക്കുക.

പക്ഷെ അതിനെയെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് സിനിമ പിന്നീട് ഏതൊക്കെയോ വഴികളിലൂടെ അങ്ങനെ പോവുകയാണ് , സൈക്കോസിസിന്റെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ.. അതിനിടെ എത്രയെത്ര കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, സംഭവപരമ്പരകൾ, പാട്ടുസീനുകൾ എന്നൊന്നും നമ്മൾക്ക് എണ്ണിത്തീർക്കാനാവില്ല. ഒന്നുമായും തമ്മിൽ തമ്മിൽ ഒരു പരസ്പരബന്ധവുമില്ല എന്നതാണ് ആകെയുള്ള ഒരു ഹൈലൈറ്റ് . അതും ഒരു വറൈറ്റി ആണല്ലോ.

ഒരു സിനിമയ്ക്ക് ടിക്കറ്റെടുത്ത് കയറുന്ന പ്രേക്ഷകന് പതിനാറ് സിനിമയ്ക്കുള്ള ഐറ്റംസാണ് മുന്നിലേക്ക് വാരിവിതറപ്പെടുന്നത്. ഡെവലപ്പ് ചെയ്യപ്പെടാതെ ബോൺസായി ആയി നിർത്തിയിരിക്കുന്ന ഒരുപറ്റം സിനിമകളുടെ കമ്പ്രസ്ഡ് ഫയൽ എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം. വെളിപാടിന്റെ പുസ്തകം കഴിഞ്ഞുവരുന്ന ലാൽജോസിന് ഏതായാലും തട്ടും പുറത്ത് അച്യുതൻ  ഏതായാലും പ്രത്യേകിച്ച് പേരുദോഷമൊന്നും കേൾപ്പിക്കില്ല എന്നത് ഉറപ്പ്.

ഡെവലപ്പ് ചെയ്യപ്പെടാത്ത കഥസന്ദർഭങ്ങളുടെ കാര്യത്തിൽ എന്ന പോൽ വ്യക്തിത്വം നൽകാതെ പടച്ചുവിട്ടിരിക്കുന്ന കഥാപാത്രങ്ങളുടെ കാര്യത്തിലും തട്ടും പുറത്ത് അച്യുതൻ  ഒരു മഹാസംഭവമാണ്. ഇതിനെക്കാൾ അധോഗതി പിടിച്ച കുട്ടനാടൻ മാർപ്പാപ്പയൊക്കെ വിജയിപ്പിച്ച ചരിത്രമുള്ള ചാക്കോച്ചന് ഈ സിനിമയൊരു നഷ്ടക്കച്ചവടമാകാൻ സാധ്യതയില്ല. മലയാളികൾ ആരാ മൊതലുകൾ. (വെക്കേഷനും മറ്റും അല്ലിയോ)

അഭിമുഖം/ലാൽജോസ്: 24 സിനിമകളുമായി മലയാള സിനിമയുടെ ഉമ്മറത്തുണ്ട് ഈ സംവിധായകൻ

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

This post was last modified on December 22, 2018 6:45 pm