X

പ്രളയത്തെ കേരളം അതിജീവിക്കുമോ? തോമസ് ഐസകിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇതാണ്

നവകേരള നിര്‍മ്മാണത്തിനായി ബജറ്റില്‍ 25 പദ്ധതികളാണ് അവതരിപ്പിച്ചത്

പ്രളയത്തെ അതിജീവിക്കാന്‍ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് ചുമത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രളയ സെസ് ചുമത്തുക. പ്രളയത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപ അനുവദിക്കും. പ്രളയ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1131 കോടി രൂപ ചെലവഴിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക പ്രളയ പുനര്‍നിര്‍മ്മാണത്തിന് തന്നെ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുവരുത്തും.

നവകേരള നിര്‍മ്മാണത്തിനായി ബജറ്റില്‍ 25 പദ്ധതികളാണ് അവതരിപ്പിച്ചത്. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളായിരിക്കും ഇവ. പ്രളയ അതിജീവനത്തിനായി കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. കേരളത്തിനോട് എന്തിനാണ് ഈ ക്രൂരതയെന്നാണ് എല്ലാ മലയാളികളും ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന് ശേഷമുണ്ടായ രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭം.

പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ഇനി മുതല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അധികാരമുണ്ടായിരിക്കും. അതേസമയം പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പന്ന വിലയ്ക്ക് മുകളില്‍ ഒരു ശതമാനം സെസ് വഴി ആയിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകും.

This post was last modified on January 31, 2019 12:13 pm