X

മുഖ്യമന്ത്രി നടത്തുന്നത് അധിക്ഷേപം ; കോടതിയെ സമീപിക്കാൻ ഒരുങ്ങി തന്ത്രി സമൂഹം

കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ ഇന്ന് ഇവര്‍ യോഗം ചേരുന്നുണ്ട്.

ശബരിമല തന്ത്രിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തന്ത്രി സമൂഹം എന്ന് ന്യൂസ് 18 മലയാളം റിപ്പോട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപം ആണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് തന്ത്രി സമൂഹം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ ഇന്ന് ഇവര്‍ യോഗം ചേരുന്നുണ്ട്. അബ്രാഹ്മണ വിഭാഗത്തിലെ തന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഈ യോഗത്തിന് ശേഷം നിയമ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര ശക്തമായ രംഗത്തു വന്നാലും വിട്ടുവീഴ്ച വേണ്ടെന്നാണ് തന്ത്രി സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. ആ പശ്ചാത്തലത്തില്‍ വിഷയത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഇടതുപക്ഷ മുന്നണിയുടെ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ തീരുമാന പ്രകാരം നടക്കുന്ന സംഗതികൾ അല്ല. ശബരിമല തന്ത്രിയുടെ സ്വത്തല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് മനസ്സിലാക്കിയാൽ തന്ത്രിക്ക് നല്ലതെന്നും കൂട്ടിച്ചേർത്തു. തന്ത്രി പൂട്ടി പോയാൽ അമ്പലം അടഞ്ഞു കിടക്കില്ല അങ്ങനെ ധരിക്കരുത്. ഗുരുവായൂർ അമ്പലം ഒരു മാസക്കാലത്തോളം അടച്ചിട്ടു. അവസാനം അതിനെതിരെ ശക്തമായ പ്രതിഷേധം വന്നു അങ്ങനെ തുറക്കേണ്ടി വന്നു. ഇതൊക്കെ ചരിത്ര യാഥാർഥ്യങ്ങളാണ്. പിണറായി വിജയൻ പത്തനംതിട്ടയിൽ പറഞ്ഞു.

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി