X

ഇതുകൊണ്ടൊന്നും എന്നെ തോല്‍പ്പിക്കാമെന്ന് കരുതണ്ട: അങ്കിള്‍ ‘മോഷണ’ വിവാദത്തെക്കുറിച്ച് ജോയ് മാത്യു

ഞങ്ങള്‍ എഴുതിയ തിരക്കഥ ഞങ്ങളുടെ കൈവശം ഇരിപ്പുണ്ട്. ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ആര്‍ക്കും മനസിലാകും രണ്ടും ഒന്നാണെന്ന്- കൊച്ചുനാരായണന്‍ പറയുന്നു

വിജയകരമായി തിയറ്ററില്‍ ഓടുന്ന ‘അങ്കിള്‍’ സിനിമയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ജോയ് മാത്യു കഥയെഴുതി നിര്‍മ്മാണം വഹിച്ചിരിക്കുന്ന സിനിമ മഴ പറയാന്‍ മറന്നത് എന്ന തന്റെ ചലച്ചിത്രത്തിന്റെ കഥാതന്തു മോഷ്ടിച്ചാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. 2014ല്‍ കോഴിക്കോട് ഹോട്ടല്‍ പുഷ്പകില്‍ വച്ച് നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ‘മഴ പറയാന്‍ മറന്നത്’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതെന്ന് നിര്‍മ്മാതാവ് കൊച്ചുനാരായണന്‍ പറയുന്നു.

ജോയ് മാത്യുവിനെയാണ് സിനിമയിലെ നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയുടെ കഥാതന്തു കേട്ടപ്പോള്‍ ജോയ് മാത്യു അതിന് സമ്മതം കൊടുത്തതായും കൊച്ചു നാരായണന്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ കൗമാരക്കാരിയായ ഒരു പുതുമുഖത്തെ ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതില്‍ താമസമുണ്ടായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചതോടെ ജോയ് മാത്യു ഇവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഈ വക്കീല്‍ നോട്ടീസ് താനോ ചിത്രത്തിന്റെ കഥാകൃത്തായ ജയലാലോ കൈപ്പറ്റിയില്ലെന്നും ജോയ് മാത്യുവുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹം ദാര്‍ഷ്ട്യമായാണ് സംസാരിക്കുന്നതെന്നും കൊച്ചു നാരായണന്‍ വ്യക്തമാക്കി.

ഞങ്ങള്‍ തമ്മില്‍ മെസഞ്ചറിലൂടെ സംസാരിക്കുമ്പോള്‍ ജോയ് മാത്യു എന്നോട് ആദ്യം പറഞ്ഞത് എന്നെ അറിയില്ലെന്നാണ്. പിന്നീട് അദ്ദേഹം എന്നെ അറിയാമെന്ന് തോന്നുന്നു എന്ന് പറഞ്ഞു. തിരക്കഥാകൃത്ത് സുരേഷ് ഇരിങ്ങല്ലൂരിനോട് സംസാരിക്കണമെന്നാണ് ജോയ് പിന്നീട് പറഞ്ഞത്. ഞങ്ങള്‍ തീരുമാനിച്ച സിനിമയുടെ സംവിധായകനും സുരേഷ് ആണ്. ഇതില്‍ അങ്കിള്‍ എന്ന സിനിമ മോഷണമാണെന്ന് ഞാന്‍ പറയില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്. ഞങ്ങള്‍ എഴുതിയ തിരക്കഥ ഞങ്ങളുടെ കൈവശം ഇരിപ്പുണ്ട്. ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ആര്‍ക്കും മനസിലാകും രണ്ടും ഒന്നാണെന്ന്. ഈ ത്രെഡ് ജയലാല്‍ വഴിയാണ് ജോയ് മാത്യു അറിയുന്നത്. മമ്മൂട്ടിയുടെ കിംഗ് എന്ന സിനിമയുടെയെല്ലാം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു ഞാന്‍. അദ്ദേഹം ഞാന്‍ പറയുമ്പോഴാണ് ഇത്തരം ഒരു മോഷണം നടന്നുവെന്ന് അറിയുന്നത്. അതുവരെയും ഞങ്ങള്‍ കേസിന് പോയിട്ടില്ല. ഒരു സിനിമയ്ക്ക് വേണ്ടി നടക്കുന്ന പ്രവര്‍ത്തനം എന്തൊക്കെയാണെന്ന് വ്യക്തമായി അറിയാവുന്നയാളാണ് ഞാന്‍. ഏതൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരു പ്രൊജക്ട് ഇല്ലാതാകുന്നത് എനിക്കും ഇഷ്ടമല്ല. പക്ഷെ ഈ വിഷയത്തില്‍ പബ്ലിക്ക് ആയി സംസാരിക്കേണ്ടി വരുന്നത് ജോയ് മാത്യുവിന്റെ ധാര്‍ഷ്ട്യം കൊണ്ടാണ്. മോഷ്ടിച്ചതാണെന്ന് പറയാന്‍ അദ്ദേഹം എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്ന് അറിയില്ല’- കൊച്ചു നാരായാണന്‍ വ്യക്തമാക്കി.

എന്നാല്‍ കൊച്ചു നാരായണന്‍ വലിയ നാരായണനായി എന്റെ മുന്നില്‍ വരട്ടെ എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഈ വിഷയത്തില്‍ കൊച്ചു നാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അഴിമുഖം പബ്ലിഷ് ചെയ്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. തനിക്ക് ആരെയും പേടിയില്ലെന്നും തന്നോട് കളിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നുമായിരുന്നു ആ പ്രതികരണം. ‘എന്നോട് മുട്ടാന്‍ കൊച്ചുനാരായണന്‍ ഇനിയും വലുതാകണം. 25 നാടകങ്ങള്‍ എഴുതിയ അക്കാദമി അവാര്‍ഡ് ജേതാവാണ് ഞാന്‍. കൊച്ചുനാരായണന്റെ നൂല്‍ എനിക്ക് ആവശ്യമില്ല. അവന് വേണമെങ്കില്‍ പത്ത് ത്രെഡ് അങ്ങോട്ട് കൊടുക്കാം. അച്ഛന്റെ സുഹൃത്തായ സ്ത്രീ ലമ്പടനായ ഒരാളുടെ കൂടെ ഒരു കുട്ടി യാത്ര ചെയ്യുന്നത് ആര്‍ക്ക് വേണമെങ്കിലും സങ്കല്‍പ്പിക്കാവുന്ന കഥ മാത്രമാണ്’.

ഈ മ യൗ വിലെ ‘ശവം’; പുതിയ തര്‍ക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു

എന്തിലും മതം കാണാന്‍ ഞാന്‍ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ അല്ല, കറകളഞ്ഞ സംഘി; രാജസേനന്‍

This post was last modified on May 5, 2018 6:11 pm