X

ബിജെപിയുടെ ശബരിമല ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവും: ബാലചന്ദ്രന്‍ ചുള്ളിക്കാട്

വിശ്വാസം ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഭരണഘടന ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ താന്‍ പിന്തുണയ്ക്കുന്നതായും സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്, അല്ലാതെ വിശ്വാസമല്ല എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലല്ലേ സ്ത്രീകള്‍ കയറുന്നത്. ഞാന്‍ സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്നു. ഭരണഘടനയെ പിന്തുണയ്ക്കുന്നു. വിശ്വാസത്തേക്കാള്‍ ഭരണഘടനയെ ഞാന്‍ പിന്തുണയ്ക്കുന്നു. വിശ്വാസമല്ല ഭരണഘടനയാണ് വലുത്. ഞങ്ങളൊക്കെ ഭരണഘടനയെ പിന്തുണയ്ക്കുന്നവരാണ്. നാളത്തെ ഹര്‍ത്താല്‍ ഭരണഘടനയ്ക്കെതിരാണ്. ഇത് സ്ത്രീവിരുദ്ധ ഹര്‍ത്താലാണ്, ഭരണഘടനാവിരുദ്ധമായ ഹര്‍ത്താലാണ്. വിശ്വാസം ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഭരണഘടന ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു.