X

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം: ലൈവ് സെന്‍സര്‍ ചെയ്ത് മനോരമ

ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണം പ്രധാനമായും ഉന്നയിച്ചത് മനോരമ ചാനലും പത്രവുമായിരുന്നു

സംസ്ഥാനത്തെ ദുരന്തഭൂമിയാക്കിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം. പൊതുവികാരം കണക്കിലെടുത്ത് മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിച്ചെങ്കിലും ചില മാധ്യമങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം ലൈവിലെ ഈ ഭാഗം സെന്‍സര്‍ ചെയ്താണ് മനോരമ ചാനല്‍ പുറത്തുവിട്ടത്.

ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണം പ്രധാനമായും ഉന്നയിച്ചത് മനോരമ ചാനലും പത്രവുമായിരുന്നു. അതിനാല്‍ തന്നെ മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചാല്‍ അത് തങ്ങള്‍ക്കെതിരായിരിക്കുമെന്ന് മനസിലാക്കിയാണ് മനോരമ ലൈവില്‍ സെന്‍സറിംഗ് നടത്തിയത്. ഓഖി ദുരിതബാധിതര്‍ക്കുള്ള ധനസഹായങ്ങള്‍ പ്രഖ്യാപിക്കുന്നതിനും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കുന്നതിനാണ് പിണറായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ മാധ്യമങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ആരംഭിച്ചപ്പോള്‍ തന്നെ ലൈവ് കട്ട് ചെയ്ത് വാര്‍ത്ത അവതാരകന്റെ വിശദീകരണത്തിലേക്ക് അവര്‍ പോകുകയും ചെയ്തു.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

അതേസമയം മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകള്‍ ലൈവ് പൂര്‍ണമായും പുറത്തുവിട്ടു. മാധ്യമങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം പൂര്‍ത്തിയായ ഉടന്‍ തന്നെ മനോരമ ചാനല്‍ ലൈവില്‍ തിരികെയെത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം ഒഴിവാക്കുകയായിരുന്നു മനോരമയുടെ ലക്ഷ്യമെന്ന് വ്യക്തമാകുന്നത്. എന്നാല്‍ അല്‍പ്പസമയം മുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചത് മനോരമ ചാനല്‍ സ്‌ക്രോള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. പിന്നീട് പ്രത്യേക വാര്‍ത്തയായും ഈ ഭാഗങ്ങള്‍ മനോരമ ചാനല്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തെയാകെ ദുരന്തം ബാധിച്ചപ്പോള്‍ ജനവികാരം മനസിലാക്കാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിലാണ് മനോരമ താല്‍പര്യം കാട്ടിയതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മനോരമ നല്‍കിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്റെ ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 6, 2017 1:17 pm