X

‘യഥാര്‍ത്ഥ’ മാധ്യമപ്രവര്‍ത്തകനെങ്കില്‍ എന്തൊക്കെ ചെയ്യണം? എന്‍ഐഎയുടെ ക്ലാസ് ഇങ്ങനെ

സൈന്യത്തിന് നേരെ കല്ലെറിഞ്ഞ കേസില്‍ കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പോലീസ് അറസ്റ്റ് ചെയ്ത 12 പേരില്‍ ഒരാളാണ് കമ്രാന്‍

ഒരു സര്‍ക്കാര്‍ വകുപ്പുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ആശുപത്രിയുടെയും സ്‌കൂളിന്റെയും ഉദ്ഘാടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രസ്താവനകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ഇയാള്‍ ഒരു മാധ്യമ പ്രവര്‍ത്തകനല്ല. എന്നാണ് കമ്രാന്‍ യൂസഫിനെക്കുറിച്ച് എന്‍ഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൈന്യത്തിന് നേരെ കല്ലെറിഞ്ഞ കേസില്‍ കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പോലീസ് അറസ്റ്റ് ചെയ്ത 12 പേരില്‍ ഒരാളാണ് കമ്രാന്‍. ഇദ്ദേഹത്തിനെതിരായ തെളിവുകള്‍ അടങ്ങിയ രേഖയിലാണ് മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളുള്ളത്. ഇന്നലെ കമ്രാന്റെ ജാമ്യാപേക്ഷ കേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി തരുണ്‍ ഷെരാവതിന് മുന്നിലാണ് ഈ രേഖ സമര്‍പ്പിക്കപ്പെട്ടത്. ജാമ്യാപേക്ഷയിലെ തുടര്‍വാദം ഈമാസം 19നാണ്.

കമ്രാന്‍ ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കില്‍ അയാളുടെ പരിധിയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണമായിരുന്നു. എന്നാല്‍ ഒരിക്കലും അയാള്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ആശുപത്രിയോ സ്‌കൂളോ, റോഡോ, പാലമോ ഉദ്ഘാടനം ചെയ്തതായി അയാള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനമോ കേന്ദ്രമോ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രസ്താവനയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെങ്ങനെ ഇയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നത്.

കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്നും പരിശീലനം ലഭിക്കാത്ത കമ്രാന്‍ ഒരു പ്രൊഫഷണല്‍ അല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്രാന്റെ ക്യാമറ പരിശോധിച്ച എന്‍ഐഎ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് വീഡിയോകള്‍ എടുത്തിരിക്കുന്നതെന്നും നിരീക്ഷിക്കുന്നു. ഈ വീഡിയോകള്‍ പ്രാദേശിക ചാനലുകള്‍ക്ക് കൈമാറുന്നുമുണ്ട്.

അതേസമയം എന്‍ഐഎയുടെ നിര്‍വചനത്തിനുള്ളില്‍ ഉള്‍പ്പെടുന്ന ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകനാണ് കമ്രാന്‍ എന്ന് തെളിയിക്കാവുന്ന നിരവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കമ്രാന്റെ അഭിഭാഷകന്‍ വരിഷ ഫരാസത് അറിയിച്ചു.

This post was last modified on February 16, 2018 10:44 am