X

കീഴാറ്റൂരില്‍ തെളിഞ്ഞത് തഞ്ചത്തിൽ കൂടി ഒരു ജനതയെ ചതിച്ച ബി ജെ പിയുടെ തനിനിറം

ബി ജെ പി യുടെ ഈ കള്ളക്കളി ശബരിമലയിൽ വെറുതെ ഗോഷ്ഠി കാണിക്കാനിറങ്ങിയിരിക്കുന്നവരും ശ്രദ്ധിക്കുന്നത് നന്നായിരിക്കും

കണ്ണൂരിലെ കീഴാറ്റൂർ എന്ന കാർഷിക ഗ്രാമത്തിലേക്ക് ബി ജെ പി നോട്ടമിട്ടപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായിരുന്നു; പശ്ചിമ ബംഗാളിനും ത്രിപുരക്കും ശേഷം സി പി എമ്മിന്റെ അവസാന തുരുത്തായ കേരളത്തിൽ നിന്നും ചുവപ്പന്മാരെ കെട്ട് കെട്ടിക്കാൻ കിട്ടിയ ഒരു സുവർണാവസരം. ആ അവസരം മുതലെടുക്കാൻ പറ്റിയ കൃത്യമായ ഒരു ഇടം ബി ജെ പിക്ക് കൃത്യമായി തന്നെ വീണു കിട്ടുകയായിരുന്നു ഏതാണ്ട് ഒരു സമ്പൂർണ സി പി എം ഗ്രാമമായ കീഴാറ്റൂരിൽ. പക്ഷെ തഞ്ചത്തിൽ കൂടി ഒരു ഒരു ജനതയെ ചതിച്ച ബി ജെ പി യുടെ തനിനിറമാണ് ഇപ്പോൾ കീഴാറ്റൂർ വയലിലൂടെ മുൻപേ നിശ്ചയിക്കുന്ന ദേശീയ പാതയുടെ ഭാഗമായുള്ള ബൈ പാസ് നിർമാണം നടക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എന്നുവെച്ചാൽ ബി ജെ പിയുടെ രാഷ്ട്രീയ കള്ളക്കളിയുടെ ഏറ്റവും ജീർണമായ മറ്റൊരു മുഖം കൂടി പ്രകടമായിരിക്കുന്നുവെന്ന് സാരം.

തുടക്കത്തിൽ എന്തൊക്കെ ഗീർവാണങ്ങളായിരുന്നു. കീഴാറ്റൂരിലെ മുഴുവൻ പ്രജകളെയും ഒറ്റയടിക്ക് മാമ്മോദീസാ മുക്കി ബി ജെ പി യിലേക്ക് മാർഗം ചേർക്കും എന്നൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന് ബി ജെ പി യുടെ കേരള ഘടകം അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ നിലപാട്.

നസ്രാണി ദീപികയിലുടെ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ച കുമ്മൻജി പിന്നീട് നിലക്കൽ പള്ളി പൊളിപ്പിച്ച ചരിത്രം അറിയുന്നത് കൊണ്ടുകൂടിയാവാം തുടക്കം മുതൽ കീഴാറ്റൂർ സമരത്തിന് അണിയറയിൽ പ്രവർത്തിച്ച മുൻ നക്സലൈറ്റുകളും പച്ചക്കൊടി കാണിച്ചത്. അപകടം മണത്തപ്പോൾ പഴയ തലശ്ശേരി പോലീസ് ആക്രമണമത്തിലെന്നപോലെ അവരിൽ ചിലർ പിൻവാങ്ങി. ശേഷിച്ചവരുടെ ബലവും സി പി ഐയുടെ ഉണർവും കൂടിയായപ്പോൾ കീഴാറ്റൂർ സമര ഭൂമിയായി; മറ്റൊരു നന്ദിഗ്രാമും.

പിന്നീട് കണ്ടത് സമരം തുടങ്ങിവെച്ച വയൽക്കിളികളെ മുതലെടുത്തും അതേസമയം അവരെ ബി ജെ പി ഉന്നമിട്ട കേരളത്തിലെ ഒരു ഭൂമി പോരാട്ടത്തിൽ സമരക്കാരും അവരെ പിന്തുണച്ചവരും ഒക്കെ രാഷ്ട്രീയ ചതുരംഗ പലകയിലെ വെറും കാലാൾ പടിയാളികൾ ആകുന്നതാണ്. കീഴാറ്റൂരുകാരെ മൊത്തത്തിൽ മാമ്മോദീസാ വെള്ളം തളിച്ച് ആർ എസ് എസ് ആയില്ലെങ്കിലും ചുരുങ്ങിയ പക്ഷം ബി ജെ പി അനുഭാവികളെങ്കിലും ആക്കി മാറ്റുക എന്ന കുമ്മൻജിയുടെ തന്ത്രം സത്യത്തിൽ പൊളിച്ചത് സി പി എം ജില്ലാ നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ കൂടിയാണ്. കാവിപ്പടക്കെതിരെയുള്ള നിതാന്ത ജാഗ്രത ഇപ്പോഴും സി പി എം മാത്രമാണ് പുലർത്തുന്നതെന്ന് സഹോദര പാർട്ടിയായ സി പി ഐ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

വലിയ ജന പ്രവാഹമായിരുന്നു കീഴാറ്റൂരിലേക്ക്. പ്രാദേശിക മാധ്യമങ്ങളും വലതു പക്ഷ മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകിയതോടെ ജീവതത്തിൽ ഇന്നേവരെ സ്വന്തം മണ്ണിൽ പച്ചക്കറിയോ ഫലവൃക്ഷണങ്ങളോ നട്ടു നനച്ചു പിടിപ്പിക്കാൻ മെനെക്കെടാത്ത, അതെ സമയം പുബ്ലിസിറ്റിക്കുവേണ്ടി ആരാന്റെ മണ്ണിലും പൊതുനിരത്തിലും മരം നടുന്നവരും എത്തിയിരുന്നു. കൂട്ടത്തിൽ ഏതു പോക്കാണത്തിനും മുന്നിട്ടിറങ്ങുന്ന താരമായി ഉദിച്ചു പിന്നീട് താമരയിൽ ജീവിക്കുന്ന സുരേഷ് ഗോപി എം പിയും ഉണ്ടായിരുന്നു.

ഏറ്റവും വലിയ തമാശ മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു (എല്ലാ കാര്യത്തിലും ഒറ്റയാൾ പോരാട്ടം നടത്തുന്ന സുധീരൻ കീഴാറ്റൂരിലും മുക്കത്തെ ഗെയിൽ പൈപ് സമരത്തിലുമൊക്കെ സ്വന്തം പാത തന്നെ പിന്തുടർന്നു) ഒരു കൈക്കുമ്പിൾ നിറയെ വയലിനടുത്ത നീരുവയിൽ നിന്നും ജലം കോരി മൂക്കോടടുപ്പിച്ചു നിൽക്കുന്ന സുധീരന്റെ ചിത്രങ്ങൾ പത്രങ്ങളിലും ചാനലുകളും കണ്ടെങ്കിലും ആ ജലത്തിന്റെ വൈശിഷ്യത്തെക്കുറിച്ചു അദ്ദേഹം ഒന്നും ഉരിയാടി കണ്ടില്ല.

കീഴാറ്റൂരിലെ വയൽക്കിളികളെ തനിക്കാക്കി വെടക്കാക്കിയ കുമ്മനം നിലവിൽ മിസ്സോറാം ഗവർണറാണ്. പോരെങ്കിൽ ഒരു ഡി ലിറ്റും ഇതിനകം കരഗതമായിട്ടുണ്ട്. എങ്കിലും മിസോറാം വിട്ടു കേരളം പൂകണമെന്ന കുമ്മൻജിയുടെ ആഗ്രഹം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് പാർശ്വവർത്തികളിൽ നിന്നും അറിയാൻ കഴിയുന്നത്. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമെന്ന് സംഘപരിവാറുകാര്‍ തന്നെ പരിതപിക്കുമ്പോൾ ഇത്തരം കേട്ടുകേൾവികൾക്കു വലിയ പ്രാധാന്യം കൽപ്പിക്കേണ്ടതില്ലെന്ന് തോന്നുന്നു.

പക്ഷെ ആടിനെ പട്ടിയാക്കുന്ന, അതിനെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന സംഘപരിവാറുകാരുടെ സ്ഥിരം ഏർപ്പാട് തന്നെയാണ് കീഴാറ്റൂരിൽ മുൻ നിശ്ചയ പ്രകാരം തന്നെ വയൽ നികത്തി തന്നെ നാഷണൽ ഹൈവേ ബൈ പാസ് നിർമ്മിക്കും എന്ന കേന്ദ്ര തീരുമാനം. ബി ജെ പി യുടെ ഈ കള്ളക്കളി ശബരിമലയിൽ വെറുതെ ഗോഷ്ഠി കാണിക്കാനിറങ്ങിയിരിക്കുന്നവരും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ശബരിമലയിൽ സർവ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതും സംഘി, അനുകൂല വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തതും സംഘി ഇപ്പോൾ എതിർത്ത് നാമജപ ഘോഷയാത്രയുമായി മേയുന്നതും സംഘി. ഇതിനിടയിൽ പെട്ടു പോയ കെ സുരേന്ദ്രനെക്കുറിച്ചു കൂടി പറയേതെ വയ്യ. സുരേന്ദ്രൻ കാര്യം ബി ജെ പി ജനറൽ സെക്രെട്ടറിയൊക്കെ ആയിരിക്കാം. പക്ഷെ പാർട്ടിയിൽ വി മുരളീധര പക്ഷക്കാരനും ജാതിയിൽ കുറഞ്ഞവനുമായതിനാൽ കെ പി ശശികലക്കുള്ള പരിഗണന കിട്ടാതെ പോയെങ്കിൽ അതിനു അയാൾ സ്വയം പഴിക്കുകയെ തരമുള്ളു എന്ന് മാത്രമല്ല സ്ഥിരം ഉഡായിപ്പുമായി നടക്കുന്ന ഈ ബ്രാഹ്മിണിക്കൽ പാർട്ടിയുടെ ദയനീയ മുഖം അയാളെപ്പോലെ മറ്റുള്ളവരും തിരിച്ചറിയുന്നത് വളരെ നന്നായിരിക്കും.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on December 1, 2018 7:57 am