ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ചതിന് പിന്നാലെ പാര്‍ട്ടി നിലപാടാണ് തന്റെ നിലപാടെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍. ബിജെപി നേതൃത്വമുള്‍പ്പെടെ പ്രഗ്നയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് അവര്‍ ഖേദപ്രകടനത്തിന് തയ്യാറായി.
അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരുടെയും വികാരത്തെ വൃണപ്പെടുത്തുകയായിരുന്നില്ല തന്റെ ലക്ഷ്യം. താന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു. ഗാന്ധിജി രാജ്യത്തിന് വേണ്ടി ചെയ്തതൊന്നും മറക്കാനാകില്ല. തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്- അവര്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയായ ഗോഡ്‌സെ ഒരു ഹിന്ദുവാണ്’ എന്ന കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചപ്പോഴാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ഗോഡ്‌സെയെ ദേശഭക്തന്‍ എന്ന് വിളിച്ചത്. 2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ മുഖ്യപ്രതിയായ പ്രഗ്യാ ‘നാഥുറാം ഒരു ദേശഭക്തനായിരുന്നു, ദേശഭക്തനാണ്, ദേശഭക്തനായിരിക്കും’ എന്നാണ് പ്രതികരിച്ചത്. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തക്കമറുപടി ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ മധ്യപ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രഗ്യാ മുഖ്യപ്രതിയായ മലേഗാവ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിലെ ഹീറോ ഹേമന്ത് കര്‍ക്കറയ്ക്ക് നേരെ ശാപ വാക്കുകള്‍ ചൊരിഞ്ഞും ബാബറി മസ്ജിദ് തകര്‍ക്കാന്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ടും പ്രഗ്യയുടെ തെരഞ്ഞെടുപ്പ് പ്രചരണം വിവാദത്തിലായിരുന്നു. കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
This post was last modified on May 17, 2019 8:54 am
Leave a Comment