കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍. വെട്ടിയത് താന്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തോട് ഏറ്റുപറഞ്ഞ പീതാംബരന്‍ കൃത്യം നിര്‍വഹിച്ചത് കഞ്ചാവിന്റെ ലഹരിയിലാണെന്നും മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളെല്ലാം മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. അതേസമയം ഈ മൊഴികള്‍ വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയതനുസരിച്ചാണ് പ്രതികള്‍ മൊഴി നല്‍കുന്നതെന്നാണ് പോലീസിന്റെ സംശയം. ഇത് അന്വേഷണം വഴി തിരിച്ചുവിടാനാണെന്നും സംശയിക്കപ്പെടുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ ഇവര്‍ തയ്യാറാകാത്തതാണ് സംശയത്തിന്റെ അടിസ്ഥാനം. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചു.
നിരവധി കേസുകളില്‍ പ്രതിയാണ് പീതാംബരന്‍. വാദ്യകലാസംഘം ഓഫീസും വീടും കത്തിച്ച കേസിലെ പ്രതിയാണ് ഇയാള്‍. മുരിയം മഹേഷിനെ വെട്ടിയ കേസിലും പീതാംബരന്‍ പ്രതിയാണ്. തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത പീതാംബരനെ ഇന്നലെയാണ് സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി.
This post was last modified on February 20, 2019 1:44 pm
Leave a Comment