X

എംഎല്‍എ കുഞ്ഞിരാമന്‍ അറിയാതെ പീതാംബരന്‍ അത് ചെയ്യില്ല: പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് ശരത് ലാലിന്റെ അച്ഛന്‍

പ്രദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകം സിപിഎമ്മിന്റെ പൂര്‍ണ അറിവോടെയാണ് നടന്നതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്റെ ആരോപണം. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അതേസമയം പ്രതി പീതാംബരന്‍ തന്നെയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയുടെ സമ്മതമില്ലാതെ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍ പറഞ്ഞു.

പ്രദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. എംഎല്‍എയാണ് ആക്രമണത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യന്‍ ആരോപിക്കുന്നു. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം. ഇതിനിടെ പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് പീതാംബരനും സംഘവും പോലീസിന് മൊഴി നല്‍കി. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ട് പേരും ചേര്‍ന്നാണെന്നാണ് മൊഴി. കസ്റ്റഡിയിലുള്ള ഏഴ് പേരും മൊഴിയിലുറച്ച് നില്‍ക്കുകയാണ്.

ഇരട്ടക്കൊലക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തിന് വിലങ്ങുതടിയാണ്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാംബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തയ്യാറെടുക്കുന്നത്.

കസ്റ്റഡിയിലുള്ള പത്തൊമ്പതുകാരനടക്കം ആറ് പേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെവരുടെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

പെരിയയിലെ ഒരു ഓട്ടോ ഡ്രൈവറാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. ഇയാളും പോലീസ് കസ്റ്റഡിയിലാണ്. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന. പീതാംബരനെ കസ്റ്റഡിയില്‍ വാങ്ങുന്നത് ഈ കുരുക്കുകള്‍ അഴിക്കാനാണ്.

സംഭവം നടന്ന ദിവസം കല്ലിയോട് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ സംബന്ധിച്ചും പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാസര്‍ഗോഡ് നഗരത്തില്‍ നടത്തുന്ന ഉപവാസം എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

This post was last modified on February 20, 2019 10:30 am