X

ചേലാകര്‍മം: ക്ലിനിക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു

കേരളത്തിലും സ്ത്രീകളില്‍ ചേലാ കര്‍മം നടത്തുന്നതായ വാര്‍ത്ത‍ നേരത്തെ പുറത്തു വന്നിരുന്നു

സ്ത്രീകള്‍ക്ക് ചേലാകര്‍മം നടത്തുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് വിവാദ ക്ലിനിക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടച്ചുപൂട്ടിച്ചു. കോഴിക്കോട് സൗത്ത് ബീച്ചിലുള്ള ദാറുല്‍ ഷിഫ എന്ന സ്ഥാപനമാണ് പൂട്ടിയത്. ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കംചെയ്തു. ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള സമ്പ്രദായം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ക്ലിനിക് താഴിട്ടുപൂട്ടിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാന്‍ യൂത്ത് ലീഗ് നേതൃത്വം കൊടുക്കും. മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ മതത്തെ കൂട്ടുപിടിച്ച് നടപ്പാക്കുന്നതിനെതിരെ അവബോധം ഉണ്ടാക്കാന്‍ ക്യാമ്പയിന്‍ നടത്തും.

ചേലാകര്‍മത്തിന്റെ പേരില്‍ പലര്‍ക്കും പ്രാകൃതമായ ചികിത്സരീതിയാണ് ഇവിടെയുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. പെണ്‍ ചേലാ കര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സഹിയോ എന്ന സംഘടന ആഗസ്ത് 14ന് ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആരിഫാ ജോഹരി, ആയിഷ മഹ്മൂദ് എന്നിവരാണ് സഹിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത് (കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍).

യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എം.എ. റഷീദ്, സെക്രട്ടറി എ. ഷിജിത്ത് ഖാന്‍, യു. സജീര്‍, ടി.പി.എം. ജിഷാന്‍, വി. ശിഹാബ്, ഒ.എം. നൗഷാദ്, ഷഫീഖ് അരക്കിണര്‍, സമീര്‍ പള്ളിക്കണ്ടി, ഒ.വി. അല്‍ത്താഫ്, ഷഫീഖ് തോപ്പയില്‍, ഇ. മുജീബ് റഹ്മാന്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, ടി. സുല്‍ഫീക്കര്‍, മനാഫ്, എന്‍.കെ. ഹാരിസ്, അഷ്റഫ് മുഖദാര്‍, നസീര്‍ പണിക്കര്‍റോഡ് എന്നിവരാണ് ക്ലിനിക് പൂട്ടിക്കാന്‍ നേതൃത്വം നല്‍കിയത്.

This post was last modified on August 28, 2017 9:18 am