X

ഉത്തരഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ് ഹൈക്കോടതി തടഞ്ഞു

അഴിമുഖം പ്രതിനിധി

നാളെ ഉത്തരഖണ്ഡ് നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് വിശ്വാസവോട്ട് തേടാന്‍ നല്‍കിയ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതി വിശ്വാസ വോട്ട് സ്റ്റേ ചെയ്തത്. നിരവധി നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കേസ് ഏപ്രില്‍ ആറിലേക്ക്‌ മാറ്റിവച്ചു.

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ രണ്ട് സര്‍ക്കാരുകള്‍ ഒരേ സമയം ഉത്തരഖണ്ഡിലുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു.

രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായതിനാല്‍ ഇപ്പോള്‍ ഉത്തരഖണ്ഡില്‍ കേന്ദ്ര ഭരണമാണ് നടക്കുന്നതെന്നും അവിടെ സര്‍ക്കാരും നിയമസഭയും ഇല്ലെന്നും കേന്ദ്രം വാദിച്ചു. സഭയില്ലാത്തപ്പോള്‍ നിയമസഭ കൂടാനും കഴിയില്ലെന്ന് റോത്തഗി പറഞ്ഞു.356-ാം വകുപ്പു പ്രകാരം രാഷ്ട്രപതി ഭരണം നിലനില്‍ക്കുമ്പോള്‍ എംഎല്‍എമാരും സര്‍ക്കാരുമില്ലെന്നും ഒഴിഞ്ഞ നിയമസഭ കെട്ടിടമാണുള്ളതെന്നും അദ്ദേഹം വാദിച്ചു.

ആ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ രണ്ട് സര്‍ക്കാരുണ്ടാകും. ഒന്ന് വിശ്വാസം തേടുന്നതും മറ്റൊന്ന് കേന്ദ്രത്തിന് കീഴിലുമെന്ന് റോത്തഗി കൂട്ടിച്ചേര്‍ത്തു.

ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് വിമതശല്യം നേരിട്ടിരുന്നു. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റിന് എതിരെ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ അവര്‍ ബിജെപി പക്ഷത്തേയ്ക്ക് ചായുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച കേന്ദ്രം നാടകീയമായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച്ച റാവത്ത് വിശ്വാസവോട്ട് തേടാനിരിക്കേയാണ് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.

കോണ്‍ഗ്രസ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും നാളെ വിശ്വാസവോട്ടെടുപ്പ് തേടാന്‍ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:52 pm