X

മുന്‍ ചാരന് വിഷം കൊടുത്ത സംഭവം: 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടന്‍ പുറത്താക്കി

ബ്രിട്ടന്റെ പരമാധികാരത്തില്‍ റഷ്യ കടന്നുകയറ്റം നടത്തുകയാണെന്നും ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും ഹൗസ് ഓഫ് കോമണ്‍സില്‍ തെരേസ മേ വ്യക്തമാക്കി.

മുന്‍ റഷ്യന്‍ ചാരന് വിഷം കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പുറത്താക്കി. പാര്‍ലമെന്റിലാണ് ഗവണ്‍മെന്റ് തീരുമാനം തെരേസ മേ അറിയിച്ചത്. ഈ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടനും റഷ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ദി വി സ്‌ക്രൈപലും അദ്ദേഹത്തിന്റെ മകളുമാണ് ആക്രമണത്തിന് ഇരയായത്. ബ്രിട്ടന്റെ പരമാധികാരത്തില്‍ റഷ്യ കടന്നുകയറ്റം നടത്തുകയാണെന്നും ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും ഹൗസ് ഓഫ് കോമണ്‍സില്‍ തെരേസ മേ വ്യക്തമാക്കി. ബ്രിട്ടീഷ് നാഷണല്‍ കൗണ്‍സിലിനാണ് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഒരാഴ്ചത്തെ സമയമാണ് കൊടുത്തിരിക്കുന്നത്.

മതിയായ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്തത് മൂലമാണ് റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതെന്ന് തെരേസ മേ വ്യക്തമാക്കി. രാജ്യത്ത് അനധികൃതമായി നിക്ഷേപം നടത്തിയിട്ടുള്ള റഷ്യക്കാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം യുകെയില്‍ ശക്തമാണ്. റഷ്യന്‍ ഇംഗ്ലീഷ് ന്യൂസ് ചാനലായ ആര്‍ടിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന സൂചനയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ നല്‍കുന്നത്. അതേസമയം വിഷം നല്‍കിയതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പ്രസ്താവനയിറക്കിയ റഷ്യന്‍ ഗവണ്‍മെന്റ് ഇത്തരം നടപടികളുടെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഗൗരവമായി ഈ സംഭവം അന്വേഷിക്കുന്നതിന് പകരം ബ്രിട്ടന്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി.

This post was last modified on March 30, 2018 10:32 am