X

ലേബർ അംഗങ്ങൾ പുതിയ ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന നിലപാടുകാർ: പഠനം

രണ്ടാമതൊരു ഹിതപരിശോധന നടത്തുന്നതിനെ എതിർക്കുന്നത് 18 ശതമാനം ലേബർ അംഗങ്ങൾ മാത്രമാണെന്ന് പഠനം പറയുന്നു.

പ്രതിപക്ഷ നേതാവ് ജെരെമി കോർബിന്റെ ബ്രെക്സിറ്റ് വിരുദ്ധതയുടെ അളവ് തങ്ങൾ ആഗ്രഹിക്കുന്നതിലും കുറവാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളുടെ വിലയിരുത്തൽ. കുറെക്കൂടി മെച്ചപ്പെട്ട ഉടമ്പടികളോടെ ബ്രെക്സിറ്റ് നടപ്പാക്കാമെന്ന കോർബിന്റെ മൃദു നിലപാടിനോട് ലേബര്‍ പാർട്ടിയിലെ 72 ശതമാനം പേരും യോജിക്കുന്നില്ലെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. പഠനം പറയുന്നതു പ്രകാരം പുതിയൊരു ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് തയ്യാറാകണമെന്ന നിലപാടാണ് കോർബിൻ എടുക്കേണ്ടതെന്നാണ് എല്ലാവരും കരുതുന്നത്.

രണ്ടാമതൊരു ഹിതപരിശോധന നടത്തുന്നതിനെ എതിർക്കുന്നത് 18 ശതമാനം ലേബർ അംഗങ്ങൾ മാത്രമാണെന്ന് പഠനം പറയുന്നു. ഇങ്ങനെയൊരു വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരാനാണ് തങ്ങൾ വോട്ട് ചെയ്യുകയെന്നും 88 ശതമാനം ലേബർ അംഗങ്ങൾ പറയുന്നു.

പാർട്ടിക്കുള്ളിൽ ജെരെമി കോർബിൻ ശക്തമായ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ ബ്രെക്സിറ്റ് നിലപാടിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ ലോബിയിങ് ശക്തമാണ്. ഒരു പൊതുതെരഞ്ഞെടുപ്പുണ്ടാവുകയാണെങ്കിൽ അധികാരത്തിലെത്തുമ്പോൾ പുതിയ ഹിതപരിശോധന കൊണ്ടുവരുമെന്ന നിലപാടെടുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നേക്കും.