വായ്പാ തട്ടിപ്പുകാരന് നിരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ യുകെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച വ്യത്യസ്തമായ രൂപത്തില്‍ ലണ്ടന്‍ തെരുവിലൂടെ നടക്കുന്ന നിരവ് മോദിയുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. അതേസമയം എക്സ്ട്രാഡിഷന്‍, പ്രോസിക്യൂഷന് നടപടികളില്‍ യാതൊരു അലംഭാവവും കാട്ടിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ വാദം. യുകെ ലീഗല്‍ ടീം ഇന്ത്യയില്‍ വന്ന് നിരവ് മോദിക്കെതിരായ നിയമ നടപടികളില്‍ സഹായം നല്‍കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ല.
ലണ്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഡിടിവിയ്ക്ക് ലഭിച്ചിട്ടുണ്ട്. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2018 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റി പ്രകാരം (എംഎല്‍എടി) പ്രകാരം ഇന്ത്യ യുകെയ്ക്ക് അലര്‍ട്ട് നല്‍കിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന് കീഴിലുള്ള കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ നിന്ന് 13,000ത്തിലധികം കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തി വജ്ര വ്യാപാരികളായ നിരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.
ഇത് ബ്രിട്ടനിലെ കേന്ദ്ര അതോറിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ക്രൗണ്‍ പോസിക്യൂഷന് സര്വീസിനേക്കാല് സീരിയസ് ഫ്രോഡ് ഓഫീസ് (എസ് എഫ് ഒ) ഈ കേസ് കൈകാര്യം ചെയ്യുന്നതായിരിക്കും ഉചിതമെന്ന് ബ്രിട്ടീഷ് സെന്‍ട്രല്‍ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. നിരവ് മോദി യുകെയിലുണ്ടെന്ന് എസ് എഫ് ഒ 2018 മാര്‍ച്ചില്‍ തന്നെ ഇന്ത്യക്ക് സ്ഥിരീകരണം നല്‍കിയിരുന്നു. പണ തട്ടിപ്പ് കേസുകളില്‍ സ്പെഷലൈസ് ചെയ്യുന്ന അഭിഭാഷകനായ ബാരി സ്റ്റാന്കോംബിനെ നിയമസഹായത്തിനായി യുകെ നിയോഗിച്ചു. രേഖകള്‍ ആവശ്യപ്പെട്ട് സ്റ്റാന്കോംബും സംഘവും മൂന്ന് കത്തുകളാണ് 2018ല്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അയച്ചത്. നിരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ തെളിവ് ശേഖരിക്കുന്നതിനായി ഇന്ത്യയിലേയ്ക്ക് വരാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നിനും പ്രതികരണമുണ്ടായില്ല. ഇതേസമയം നിരവ് മോദി, യുകെ നടപടികള്‍ മുന്‍കൂട്ടി കണ്ട് ലീഗല്‍ ടീമിന്റെ സഹായം തേടി. യുകെയില്‍ അഭയം തേടി.
ഓഗസ്റ്റില്‍ രണ്ട് എക്സ്ട്രാഡിഷന്‍ അപേക്ഷകള്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതേസമയം യുകെ രേഖകള്‍ ആവശ്യപ്പെട്ട കാര്യം അറിയില്ല എന്നാണ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഇന്ത്യക്ക് താല്പര്യമില്ലെന്ന് കണ്ടതോടെ 2018 ഡിസംബറോടെ കേസ് നടപടികള്‍ യുകെ അധികൃതര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
This post was last modified on March 11, 2019 10:54 pm
Leave a Comment