X

പ്രക്ഷോഭങ്ങൾക്കു നടുവിലേക്ക് ട്രംപ് എത്തുന്നു; രാജകീയ വരവേൽപ്പ് നൽകാൻ മേ

ട്രംപിനെ ആഹ്ലാദവാനാക്കാനുള്ള ശ്രമങ്ങളെല്ലാം തെരേസ മേ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

തനിക്കെതിരായ പ്രക്ഷോഭങ്ങൾക്കു നടുവിലേക്കാണ് യുഎസ് പ്രസിഡണ്ട് ഡോണൾ‌ഡ് ട്രംപ് ഇന്ന് വന്നിറങ്ങുക. ഇന്നുച്ചയോടെ നാറ്റോ ഉച്ചകോടിക്കു ശേഷമാണ് ട്രംപ് എത്തുക. മെലാനിയ ട്രംപ് പ്രസിഡണ്ടിനൊപ്പം എത്തുന്നുണ്ട്. ബ്ലെൻഹെയിം കൊട്ടാരത്തിൽ തെരേസ മേ ആതിഥ്യം വഹിക്കുന്ന വിരുന്നിൽ ട്രംപ് രാത്രിഭക്ഷണം കഴിക്കും. റീജന്റ്സ് പാർക്കിലെ വിൻഫീൽഡ് ഹൗസിലാണ് ട്രംപ് രാത്രി ചെലവഴിക്കുക.

ട്രംപിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട് ലണ്ടനിൽ. ഈ പ്രക്ഷോഭങ്ങൾ ട്രംപിന്റെ വരവിനെ ഏറെ വൈകിച്ചിരുന്നു. 2016ൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് ഇതുവരെ യുകെ സന്ദർശിച്ചിട്ടില്ല.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വേർപെടൽ സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ പെട്ട് തെരേസ മേ നട്ടംതിരിയുന്ന സമയത്താണ് ട്രംപിന്റെ വരവ് എന്നതും ശ്രദ്ധയിൽ വെക്കേണ്ടതുണ്ട്. മൂന്ന് മന്ത്രിമാരാണ് മേയുടെ മന്ത്രിസഭയിൽ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങൾ രാജിവെച്ച് പുറത്തു പോയത്. കൺസെർവേറ്റീവ് പാർട്ടിയിലും മന്ത്രിസഭയിലും തെരേസ മേ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന സന്ദർഭമാണിത്.

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ യുകെക്ക് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന രാജ്യം യുഎസ് ആണ്. കയറ്റുമതി-ഇറക്കുമതികൾ ഏറ്റവും കൂടുതൽ‌ യുഎസ്സിലേക്കാണ്.

പ്രസിഡണ്ടിനെതിരെ കടുത്ത വികാരമാണ് യുകെയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വളർന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ട്രംപ് പുലര്‍ത്തുന്ന ദയനീയമായ നിലവാരം യുവാക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇതോടൊപ്പം ട്രംപിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളിലെ അപകടങ്ങളും നഗരവാസികളെ അസ്വസ്ഥരാക്കുന്നുണ്ട്.

നാലു ദിവസത്തെ സന്ദർശനമാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം ലണ്ടൻ നഗരത്തിൽ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടും. നാറ്റാ ഉച്ചകോടിക്കും, ഹെല്‍സിങ്കിയിൽ വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും ഇടയിലാണ് യുകെ സന്ദർശനമം നടക്കുന്നത്.

ട്രംപിനെ ആഹ്ലാദവാനാക്കാനുള്ള ശ്രമങ്ങളെല്ലാം തെരേസ മേ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. തികച്ചും രാജകീയമായിരിക്കും ട്രംപിനുള്ള വരവേല്‍പ്പ്. “നമ്മുടെ ബന്ധത്തെക്കാൾ ശക്തമായിട്ടുള്ള യാതൊന്നുമില്ല; യുഎസ്സുമായുള്ള സഖ്യത്തെക്കാൾ പ്രധാനമായി യാതൊന്നും ഞങ്ങൾക്കുണ്ടായിട്ടില്ല, ഇനി വരും വർഷങ്ങളിൽ ഉണ്ടാകുകയുമില്ല”: ട്രംപിന്റെ വരവിന് മുന്നോടിയായി തെരേസ മേ പ്രസ്താവിച്ചു.