X

യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ടയര്‍ 4 വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു

യുറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സാമ്പത്തിക മേഖലകള്‍ക്ക് പുറത്തു നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികളെ ഇനി മുതല്‍ പഠനത്തിനിടയില്‍ ജോലി ചെയ്യാന്‍ യുകെ അനുവദിക്കില്ല. അടുത്ത ആഴ്ച വരാനിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ യൂറോപ്പിന് വെളിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കടുത്ത സമ്മര്‍ദത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടയര്‍ 4 വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കാനാണ് പുതിയ തീരുമാനം. പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുന്ന പക്ഷം പൊതുമേഖലയിലുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനശേഷം ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും.

ടയര്‍ 4 വിസയുമായി യുകെയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സ്വകാര്യ കോളേജുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തതുല്യമായ ആനുകൂല്യങ്ങള്‍ മാത്രമേ ലഭ്യമാകൂ എന്ന് workpermit.com റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി വര്‍ഷം ഓഗസ്റ്റിലും നവംബറിലുമായി മിക്ക പരിഷ്‌കാരങ്ങളും നിലവില്‍ വരും. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിക്കില്ലെന്നാണ് സൂചന.
യുകെ ഹോം സെക്രട്ടറി തെരേസ മേ ഈ മാസം 13ന് പ്രഖ്യാപിച്ച പുതിയ പരിഷ്‌കാരങ്ങള്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് നിന്നുള്ള ടയര്‍ 4 വിസക്കാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. പരിഷ്‌കാരങ്ങള്‍ ഈ ആഴ്ച എംപിമാരുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരുടെ വോട്ടിംഗ് പ്രകാരമാണ്.

പൊതു ഫണ്ട് ഉപയോഗിക്കുന്ന കോളേജുകളെ കേന്ദ്രീകരിച്ചുള്ള കുടിയേറ്റ തട്ടിപ്പുകള്‍ തടയാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഉപകരിക്കുമെന്ന് യുകെ ഇമിഗ്രേഷന്‍ മന്ത്രി ജയിംസ് ബ്രോക്കെന്‍ഷെയര്‍ പറഞ്ഞു. ബ്രിട്ടനില്‍ പാര്‍പ്പുറപ്പിക്കുന്നതിനുള്ള ഒരുപാധിയായി പഠനത്തിനെ ചില ആളുകള്‍ കാണുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ബിസിനസ് സെക്രട്ടറി സയിദ് ജാവേദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുകെ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ആന്റ് സ്റ്റുഡന്‍സും മറ്റ് ചില വിദഗ്ധരും പരിഷ്‌കരണങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ആകര്‍ഷണങ്ങളില്ലാത്ത യുകെയിലേക്ക് പ്രതിഭകളെ കൊണ്ടുവരുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണെന്ന് സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ് സര്‍വകലാശാല ഡയറക്ടര്‍ പോള്‍ വെബ്ലി പറയുന്നു. ഇവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ യുകെയുമായി നല്ല ബ്ന്ധം നിലനിറുത്തുന്നിണ്ടെന്നും രാജ്യത്തിന് ദീര്‍ഘകാല സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്നും യുകെയുടെ സാമ്പത്തിക, ആഗോള സ്വാധീനങ്ങള്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡറക്ടേഴ്‌സ് എംപ്ലോയ്‌മെന്റ് ആന്‍ സ്‌കില്‍സ് പോളിസി തലവന്‍ സീമസ് നെവിനും ചൂണ്ടിക്കാട്ടുന്നു.

ടയര്‍ 4 വിസ ചട്ടങ്ങളില്‍ വരുത്തുന്ന പ്രധാന മാറ്റങ്ങള്‍:
1. പൊതു ഫണ്ടുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, പഠനത്തിന് ശേഷം പുതിയ ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 5 തൊഴില്‍ വിസകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്ത് പോകണം. നേരത്തെ യുകെയില്‍ നിന്നുകൊണ്ട് തന്നെ വിസ മാറ്റങ്ങള്‍ സാധ്യമായിരുന്നു. ഇത് ഈ വരുന്ന നവംബര്‍ 12 മുതല്‍ നിലവില്‍ വരും.
2. ഈ വരുന്ന ഓഗസ്റ്റ് മുന്ന് മുതല്‍, പൊതു ഫണ്ടുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 10 മണിക്കൂര്‍ വരെ തൊഴില്‍ ചെയ്യാന്‍ അനുമതി ലഭിക്കും.
3. ഏതെങ്കിലും യുകെ സര്‍കലാശാലയുമായി ഔദ്ധ്യോഗികമായി നേരിട്ട് ബന്ധമുള്ള കോളേജുകള്‍ക്ക് പുറത്ത് പഠിക്കുന്നവര്‍ ഈ വരുന്ന നവംബര്‍ 12 മുതല്‍ പഠനശേഷം വിസ നീട്ടുന്നതിനായി രാജ്യം വിട്ടുപോകേണ്ടി വരും.
4. ഈ വരുന്ന നവംബര്‍ 12 മുതല്‍ ടയര്‍ 4 വിസക്കാരുടെ തുടര്‍വിദ്യാഭ്യാസ കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമായി ചുരുക്കും. മിക്ക തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളുടേയും കാലാവധി രണ്ട് വര്‍ഷത്തില്‍ അധികമാണ്.
5. ടയര്‍ 4 വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം കര്‍ക്കശമാക്കും.

 

This post was last modified on December 27, 2016 3:19 pm