X

ബ്രിട്ടന്റെ കുടിയേറ്റ ചട്ടങ്ങള്‍ ‘വംശീയത’യേയും ‘വിവേചനങ്ങളെ’യും പ്രോത്സാഹിപ്പിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍

പ്രധാനമന്ത്രി തെരേസാ മേയ് ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ് ഇത്തരത്തിലൊരു കുടിയേറ്റ നിയന്ത്രണ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്

ബ്രിട്ടന്‍റെ കുടിയേറ്റ നയം ‘വംശീയത’യേയും ‘വിവേചനങ്ങളെ’യും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. കുടിയേറ്റ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍റെ പൊതുസേവനത്തിന്‍റെ പരമപ്രധാനമായ ഭാഗമായി മാറിയിട്ടുണ്ടെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്‍റ്സ് ആൻഡ് മൈഗ്രന്‍റ്സ് റൈറ്റ്സ് നെറ്റ് വർക്ക് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ കുടിയേറ്റ ചട്ടങ്ങള്‍ കറുത്തവംശക്കാരോടും പരമ്പരാഗത ന്യൂനപക്ഷങ്ങളോടും വിദേശികളോടുമുള്ള വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇത് പാസ്പോർട്ടോ മറ്റേതെങ്കിലും തരത്തിലുള്ള ഐഡികളോ ഇല്ലാത്ത യുവാക്കൾ, വീടില്ലാത്ത ആളുകൾ, താഴ്ന്ന വരുമാനക്കാർ തുടങ്ങിയവരെ വലിയ തോതില്‍ ബാധിക്കുന്നു. മാത്രവുമല്ല പൊതുജന സേവകരും കുടിയേറ്റക്കാരുമായുള്ള വിശ്വാസത്തിലധിഷ്ടിതമായ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നുണ്ട്. സങ്കീർണമായ കുടിയേറ്റചട്ടങ്ങള്‍ നിര്‍മ്മിച്ചതിലൂടെ അടിയന്തിര ഘട്ടങ്ങളില്‍പോലും അവരെ സഹായിക്കാന്‍ കഴിയാതെ വരുന്നു എന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി തെരേസാ മേയ് ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ് ഇത്തരത്തിലൊരു കുടിയേറ്റ നിയന്ത്രണ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. 2014, 2016 വര്‍ഷങ്ങളിലെ നിയമങ്ങളിലൂടെ ഇത് വ്യാപകമായി നടപ്പാക്കപ്പെടുകയാണ്. ഒരു വ്യക്തിക്ക് തൊഴിലോ, ഭവനമോ, ആരോഗ്യപരിചരണമോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും അടിയന്തിര സഹായമോ ചെയ്യണമെങ്കില്‍ ആദ്യം തൊഴിലുടമകൾ, ഭൂപ്രഭുക്കൾ, സ്വകാര്യമേഖലയിലെ തൊഴിലാളികൾ, എൻഎച്ച്എസ് സ്റ്റാഫ്, മറ്റ് പൊതു സേവകർ എന്നിവരെല്ലാം ചേര്‍ന്ന് ആ വ്യക്തിയുടെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

This post was last modified on April 13, 2018 4:37 pm