X

നഴ്സുമാര്‍ കടുത്ത നിലപാടിലേക്ക്; നിയമപരമായിട്ടുള്ള രോഗി-നഴ്‌സ് അനുപാതത്തില്‍ കൂടുതല്‍ രോഗികളെ നോക്കില്ല

രോഗികളില്‍ നിന്നും നഴ്‌സിംഗ് കെയര്‍ ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്‌മെന്റുകള്‍ യഥാര്‍ത്ഥത്തില്‍ അവരെ പരിചരിക്കാനുള്ള കൃത്യ എണ്ണം നഴ്‌സുമാരെ നിയമിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ

കേരളത്തില്‍ നഴ്‌സുമാര്‍ക്ക് ജോലി കിട്ടുന്നില്ല എന്ന പരാതി കലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എവിടെയും കേള്‍ക്കുന്ന ന്യായീകരണം ഡിമാന്‍ഡിനേക്കാള്‍ സപ്ലൈ കൂടി എന്നാണ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് വരെ ഞാനും അത് വിശ്വസിച്ചു. പക്ഷെ സത്യം അങ്ങനെയല്ല; ഇവിടെ ഒരു ആശുപത്രിയും – സര്‍ക്കാര്‍ മേഖലയില്‍ ആകട്ടെ, സ്വകാര്യ മേഖലയില്‍ ആകട്ടെ – കൃത്യമായ നഴ്‌സ് – രോഗി അനുപാതം പാലിക്കുന്നില്ല.

സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് ജോലി ഭാരം കൂടുതലാണ്. ചെറിയ ഒരു പിഴവ് പോലും ജോലിയില്‍ നിന്ന് പുറത്താക്കല്‍ നടപടി വരെ ക്ഷണിച്ചു വരുത്തും. ഇവിടെയാണ് നഴ്‌സ് – രോഗി അനുപാതം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. വെന്റിലേറ്ററിലാണ് രോഗി എങ്കില്‍ നിയമപ്രകാരം ഒരു നേഴ്‌സ് (1:1), രോഗി ഐസിയുവിലാണെങ്കില്‍ രണ്ടു രോഗിക്ക് ഒരു നേഴ്‌സ് (1:2), വാര്‍ഡില്‍ ആണ് രോഗി എങ്കില്‍ അഞ്ചോ (INC പ്രകാരം) ആറോ (NABH) രോഗികള്‍ക്ക് ഒരു നഴ്‌സ് എന്നാണ്. ഇത് നഴ്‌സിംഗ് കോളേജോ സ്‌കൂളോ ഉണ്ടെങ്കില്‍ 1:3-ഉം ആണ്.

പക്ഷെ കേരളത്തിലെ 99 ശതമാനം സ്വകാര്യ ആശുപത്രികളിലും ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഇവിടെ ഒരു നഴ്‌സിന് 10 മുതല്‍ 40 രോഗികളെ വരെ ആണ് ഒരു ഷിഫ്റ്റില്‍ നോക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ രോഗി – നേഴ്‌സ് അനുപാതം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് രോഗികളാണ്. ഇത്രയധികം രോഗികളെ നോക്കേണ്ടി വരുമ്പോള്‍ നഴ്‌സിംഗ് കെയര്‍ കൊടുക്കാന്‍ സമയം കിട്ടില്ല, എഴുത്തു പണി മാത്രമാണ് നടക്കുക.

രോഗികളില്‍ നിന്നും നഴ്‌സിംഗ് കെയര്‍ ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്‌മെന്റുകള്‍ യഥാര്‍ത്ഥത്തില്‍ അവരെ പരിചരിക്കാനുള്ള കൃത്യ എണ്ണം നഴ്‌സുമാരെ നിയമിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ആരോഗ്യ കച്ചവടത്തില്‍ കുത്തകള്‍ അവരുടെ ലാഭം ഉണ്ടാക്കുന്നതും ആശുപത്രികളില്‍ ജോലി ചെയുന്ന ഭൂരിപക്ഷ തൊഴിലാളികളായ നഴ്‌സുമാരെ ചൂഷണം ചെയ്തുകൊണ്ടാണ്. കൃത്യമായ ശമ്പളം കൊടുക്കാതെയും ആവശ്യത്തിനുള്ള നഴ്‌സുമാരെ നിയമിക്കാതെയുമാണ് ഈ ചൂഷണം അരങ്ങുവാഴുന്നത്.

ഓരോ ആശുപത്രിയിലും രോഗി – നേഴ്‌സ് അനുപാതം കൃത്യമായി നിലനിര്‍ത്താനുള്ള നഴ്‌സുമാരെ നിയമിച്ചാല്‍ കേരളത്തില്‍ ഇപ്പൊഴുള്ള നഴ്‌സുമാര്‍ തികയാതെ വരും എന്നാണ് സത്യം. പക്ഷെ ലാഭക്കൊതിയന്മാര്‍ അങ്ങനെ ചെയ്യില്ല. പൊതുജനത്തിന് അവരുടെ പൈസക്ക് മൂല്യം ലഭിക്കുന്ന രീതിയില്‍ സേവനം ലഭിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ രോഗി- നേഴ്‌സ് അനുപാതം ഉണ്ടാകണം.

എന്തായാലും ഞങ്ങള്‍ നഴ്‌സുമാര്‍  യുഎന്‍എയുടെ നേതൃത്വത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പോകുകയാണ്. നിയമപരമായ രോഗി-നഴ്‌സ് അനുപാതത്തില്‍ കൂടുതല്‍ രോഗികളെ ശ്രുശൂഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് നല്ല സേവനം കിട്ടാന്‍ കൂടിയാണ്. അതുകൊണ്ട് പൊതുജനം ഞങ്ങളുടെ തീരുമാനത്തിന് ഉറച്ച പിന്തുണ നല്‍കും എന്ന് കരുതുന്നു.

ഇനി നിങ്ങള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നാല്‍ അപ്പോള്‍ നിങ്ങളെ ശ്രുശൂഷിക്കാന്‍ വരുന്ന നഴ്‌സിനോട് ചോദിക്കണം എത്ര രോഗിയെ നോക്കാനുണ്ട് എന്ന്? ആറില്‍ കൂടുതല്‍ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് മാനേജ്‌മെന്റിനോട് വേറെ ഒരു നഴ്‌സിനെ നിയമിക്കാന്‍ ആവശ്യപ്പെടാം. അങ്ങനെ നിങ്ങള്‍ക്ക് ലഭിക്കാനുള്ള സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സിബി മുകേഷ്

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന വൈസ് പ്രസിഡന്റ്‌

More Posts