X

നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് നിരവധി മരണം

അഴിമുഖം പ്രതിനിധി

വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിവേകാന്ദ ഫ്‌ളൈഓവര്‍ തകര്‍ന്നു വീണ് പതിനാല് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

തുടക്കത്തില്‍ അഗ്നിശമന സേനാംഗങ്ങളും സമീപവാസികളും വെറുംകൈയോടെയാണ് കോണ്‍ക്രീറ്റിനും ഇരുമ്പുകള്‍ക്കും ഇടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തിരക്കേറിയ വാണിജ്യ കേന്ദ്രമായ ബുരാബാസാറിലാണ് ഫ്‌ളൈഓവറിന്റെ നിര്‍മ്മാണം നടന്നു വന്നിരുന്നത്. 2009-ലാണ് നിര്‍മ്മാണം ആരംഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു ബസ് അടക്കം നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് പാലം തകര്‍ന്നു വീണത്.

പശ്ചിമ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി അപകട സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഉച്ചയ്ക്ക് 12.45 ഓടെയാണ് വലിയ ശബ്ദത്തോടെ പാലം തകര്‍ന്നു വീണത്.

30 മുതല്‍ 40 വരെ തൊഴിലാളികള്‍ അപകട സമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് നിര്‍മ്മാണ കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. നിലവാരമില്ലായ്മയോ സാങ്കേതികതയോ ആണ് തകര്‍ച്ചയ്ക്ക് കാരണമെന്നത് അവര്‍ നിഷേധിച്ചു. യഥാര്‍ത്ഥ കാരണം കണ്ടെത്തുമെന്നും അവര്‍ അറിയിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ഞെട്ടല്‍ പ്രകടിപ്പിച്ചു. ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 3:59 pm