X

ഹൈദരാബാദ് സര്‍വകലാശാല; വി സി അപ്പ റാവുവിനെ പുറത്താക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അന്തിമതീരുമാനം എടുക്കുമെന്നും റാവു അറിയിച്ചു.

ഇതാദ്യമായാണ് സര്‍വകലാശാല വിദ്യാര്‍ത്ഥി സമരത്തില്‍ സംസ്ഥാന മുഖ്യമന്ത്രി അഭിപ്രായം പറയുന്നത്. യു ഒ എച് ഇത്രദിവസം പ്രക്ഷുബ്ദമായി തുടര്‍ന്നിട്ടും തെലുങ്കാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാവുകയും സര്‍വകലാശാല അധികൃതര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ കാമ്പസില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയം തെലങ്കാന നിയമസഭയിലും ആഞ്ഞടിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്, സിപിഎം, സിപിഐ. എ ഐ എം പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥി വിഷയം സഭയില്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ഇടപെടലിന് മുഖ്യമന്ത്രിക്ക് തയ്യാറാകേണ്ടി വന്നത്.

സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി അപ്പറാവു തുടരുന്നത്‌
സമാധാനാന്തരീക്ഷത്തിനു തടസമാണെന്നു കാണിച്ച് തെലങ്കാന സര്‍ക്കാര്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കത്ത് അയച്ചതിനു പിന്നാലെയാണ് വി സി യെ മാറ്റുന്നതിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതും.

This post was last modified on March 27, 2016 10:30 am