X

വടക്കാഞ്ചേരിയില്‍ കണ്ടത് കൊച്ചുകുട്ടികളുടെ അറിവില്ലായ്മ; കെപിഎസി ലളിത

അഴിമുഖം പ്രതിനിധി

ഇനി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കെപിഎസി ലളിത. വടക്കാഞ്ചേരിയില്‍ ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സിപി ഐഎം നേതൃത്വം തുടങ്ങിയതായുള്ള വാര്‍ത്തകള്‍ക്കിടയ്ക്കാണ് ലളിതയുടെ തീരുമാനം വന്നിരിക്കുന്നത്. ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും മനസിലാക്കണം. സമയവും ആരോഗ്യവുമുണ്ടെങ്കില്‍ ഇടതുപക്ഷത്തിനായി താന്‍ പ്രചരണത്തിനിറങ്ങുമെന്നു കെപിഎസി ലളിത വ്യക്തമാക്കി.

തനിക്കെതിരെ വടക്കാഞ്ചേരിയില്‍ നടന്ന പ്രതിഷേധങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലായെന്നും അതെല്ലാം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയാണ് കാണുന്നതെന്നും ലളിത വ്യക്തമാക്കി.

നേരത്തെ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. എന്നാല്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം സിനിമാതാരത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടുമായി രംഗത്തുവരികയായിരുന്നു. ഇവര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്യുകയുണ്ടായി. ഈയൊൊരു സാഹചാര്യത്തില്‍ കെപിഎസി ലളിത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സ്വയം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ തന്റെ പിന്മാറ്റം പ്രതിഷേധങ്ങള്‍ ഭയന്നല്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നും ലളിത വ്യക്തമാക്കിയിരുന്നു. അതേസമയം ലളിതയെ അനുനയിപ്പിച്ച് അവരുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ നേതൃത്വം ശ്രമങ്ങള്‍ പുനരരാംഭിക്കാന്‍ ഇരിക്കുകയായിരുന്നു.

This post was last modified on December 27, 2016 3:53 pm