X

യുപിഎ ഭരണകാലത്ത് ജറ്റ് വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയാരോപണം

 അഴിമുഖം പ്രതിനിധി

യുപിഎ ഭരണ സമയത്ത് ജെറ്റ് വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ) അന്വേഷണം ആരംഭിച്ചു. 2008ല്‍ ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയായ എംബ്രയറിനോട് ഇന്ത്യ മൂന്ന് വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഈ ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഡിആര്‍ഡിഒ എംബ്രയറിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

ആകാശ നിരീക്ഷണത്തിനായി മൂന്ന് അത്യാധുനിക റഡാറുകള്‍ സ്ഥാപിക്കുന്നതിനായി മൂന്നു വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഡിആര്‍ഡിഒയും എംബ്രയര്‍ കമ്പനിയും ഒപ്പിട്ടത്. എംബ്രയര്‍ കമ്പനിയില്‍നിന്ന് 210 ദശലക്ഷം യുഎസ് ഡോളര്‍ ചെലവിലാണ് ജെറ്റ് വിമാനങ്ങള്‍ വാങ്ങിയത്.

ഇന്ത്യയിലെയും സൗദി അറേബ്യയിലേയും കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ഇപ്പോള്‍ അമേരിക്കയും ബ്രസീലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2008ല്‍ നടന്ന അഴിമതി അമേരിക്കന്‍ അന്വേഷണ ഏജന്‍സി പുറത്തുകൊണ്ടുവന്ന വിവരം ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിആര്‍ഡിഒ അന്വേഷണം ആരംഭിച്ചത്.

2010 മുതല്‍ എംബ്രയര്‍ കമ്പനി അമേരിക്കന്‍ നീതിന്യായ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കരീബിയന്‍ രാജ്യമായ ഡൊമനിക്കന്‍ റിപ്പബ്ലിക്കുമായി കരാര്‍ ഉണ്ടാക്കിയതോടെയാണ് എംബ്രയര്‍ കമ്പനി അമേരിക്കയുടെ നിരീക്ഷണത്തിലായത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കുമായി കമ്പനി നടത്തിയ ആയുധ ക്കരാറില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോയാണ് മറ്റ് അഴിമതികള്‍ പുറത്തായത്.

അന്വേഷണം ഇന്ത്യയിലേക്കും സൗദിയിലേക്കും വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വംശജനായ ആയുധ ഇടനിലക്കാരന്‍ കരാറില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചതായി കമ്പനി അധികൃതര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കരാര്‍ നടന്ന സമയത്തെ ഡിആര്‍ഡിഒ തലവന്‍ എസ് ക്രിസ്റ്റഫര്‍ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

This post was last modified on December 27, 2016 2:28 pm