X

കായങ്കുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാര്‍ക്ക് നൗഷാദിന്റെ വക പണി

അഴിമുഖം പ്രതിനിധി

കഴുത്തറപ്പന്‍ കച്ചവടക്കാര്‍ക്കെതിരെ ഇത്തരമൊരു പ്രതികരണം ഇതാദ്യമായിക്കാം, അതും മറ്റൊരു കച്ചവടക്കാരനില്‍ നിന്നു തന്നെ. കായങ്കുളത്തു നിന്നുള്ള നൗഷാദ് അഹമ്മദ് എന്ന പഴം-പച്ചക്കറി വ്യാപാരി തന്റെ ഫെയ്‌സബുക്കിലൂടെ പ്രചരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കായങ്കുളം പട്ടണത്തില്‍ നൗഷാദിന്റെ പച്ചക്കറി വ്യാപരം വിലക്കുറവു കൊണ്ട് മുന്നെ തന്നെ ശ്രദ്ധേയമാണ്. ഓരോ സാധനങ്ങളുടെയും വിലനിലവാരം മൈക്ക് വച്ച് അനൗണ്‍സ് ചെയ്ത് ഉപഭോക്താക്കളെ അറിയിക്കുന്നയാളാണ് നൗഷാദ്. 

ഓണം ബക്രീദ് സീസണില്‍ തോന്നുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന സാഹചര്യത്തിലാണ് നൗഷാദിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

താന്‍ വിലകുറച്ചു സാധനങ്ങള്‍ വില്‍ക്കുന്നത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുന്നതുകൊണ്ട് അവര്‍ പൊലീസില്‍ പരാതി നല്‍കി തന്നെ അകത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് നൗഷാദ് പറയുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതുകൊണ്ട് തനിക്കു കിട്ടുന്ന വിലയ്ക്കനുസരിച്ചാണ് കച്ചവടം നടത്തുന്നതെന്നും ഇയാള്‍ പറയുന്നു. അതിനാല്‍ മറ്റുള്ള കച്ചവടക്കാര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കുറവു വിലയാണ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്. ഉത്സവ സീസണുകളില്‍ നടത്തുന്ന കഴുത്തറപ്പന്‍ കച്ചവടത്തില്‍ നിന്നും ഉണ്ടാക്കുന്ന കൊള്ളലാഭം താന്‍ കാരണം മുടങ്ങുമെന്ന പേടിയാണ് ഇപ്പോള്‍ പൊലീസിനെ കൊണ്ട് തന്നെ അകത്താക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നതിനു പിന്നിലെന്നും നൗഷാദ് പറയുന്നു.

എന്തായാലും നൗഷാദിന്റെ സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്. വലിയ പിന്തുണയും ഇദ്ദേഹത്തിനു കിട്ടുന്നുണ്ട്.

 

 

This post was last modified on December 27, 2016 4:53 pm