X

കുമ്മനം ഹാദിയയുടെ പിതാവിനെ കണ്ടു; പറയാനുളളത് കോടതികള്‍ കേട്ടിട്ടുണ്ട്, വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്

നീതിനിഷേധമെന്ന് പറയുന്നതില്‍ കാര്യമില്ല. ഹൈക്കോടതി പറഞ്ഞതിനനുസരിച്ചാണ് പോലീസ് സംരക്ഷണം നല്‍കിയിരിക്കുന്നത്. ഈ കേസില്‍ സുപ്രീംകോടതി വിധി എന്താണോ അത് അംഗീകരിക്കണം

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ പിതാവ് അശോകനെ സന്ദര്‍ശിച്ചു. ഇന്നു രാവിലെയായിരുന്നു സന്ദര്‍ശനം. ഹാദിയയുടെ വീടിന് സമീപത്തുള്ള അശോകന്റെ സഹോദരിയുടെ വീട്ടിലെത്തിയാണ് കുമ്മനം ഹാദിയയുടെ (അഖില) പിതാവ്‌ അശോകനെ കണ്ടത്. വിവാദങ്ങള്‍ ഉയരാനിടയുളളതിനാല്‍  ആണ്‌ ഹാദിയയുടെ വീട് ഒഴിവാക്കിയതെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

അശോകനുമായി പതിനഞ്ച് മിനിറ്റോളം കുമ്മനം സംസാരിച്ചു. ‘ ഹാദിയയുടെ കേസ് രാഷ്ട്രീയവല്‍ക്കരിക്കരുത്. അത് ഒരച്ഛന്റെ വേദനയാണ്. ഹാദിയയുടെ അച്ഛന്റെയും അമ്മയുടെയും വികാരം മനസ്സിലാക്കണം. ഹാദിയയ്ക്ക് സംസാരിക്കാനും അവള്‍ക്കു പറയുവാനുളളത് പറയാനുളള അവസരം കീഴ്‌ക്കോടതികള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയും ഹാദിയയുടെ വാക്കുകള്‍ കേള്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

അതിനാല്‍ ഇത് നീതിനിഷേധമെന്ന് പറയുന്നതില്‍ കാര്യമില്ല. ഹൈക്കോടതി പറഞ്ഞതിനനുസരിച്ചാണ് പൊലീസ് സംരക്ഷണം നല്‍കിയിരിക്കുന്നത്. ഈ കേസില്‍ സുപ്രീംകോടതി വിധി എന്താണോ അത് അംഗീകരിക്കണം. തീവ്രവാദ ബന്ധമുള്ള കേസാണിതെന്ന് ആരോപണമുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത് രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല’ എന്നാണ് സന്ദര്‍ശനത്തിന് ശേഷം കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

This post was last modified on September 29, 2017 11:45 pm