X

തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം; ഒരു കുടുംബത്തിന് 75,000 രൂപ പിഴ

മധ്യപ്രദേശിലാണ് സംഭവം

മധ്യപ്രദേശിലെ ബെതുള്‍ ജില്ലയില്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തിയെന്ന പേരില്‍ ഒരു കുടുംബത്തിന് 75,000 രൂപ പിഴ ചുമത്തി. റാംഭഖേഡി ഗ്രാമത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്താണ് പിഴ ചുമത്തിയത്. ഇതേ ഗ്രാമത്തിലെ മറ്റു 43 കുടുംബങ്ങള്‍ക്കു തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തരുതെന്നു കാണിച്ചു നോട്ടീസ് നല്‍കിയിട്ടുമുണ്ട്. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം പൂര്‍ണ്ണമായും നിര്‍ത്താനാണ് പിഴ ചുമത്തിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

”തുറസായ സ്ഥലത്ത് മല വിസര്‍ജ്ജനം അരുതെന്ന് ഒരു മാസം മുമ്പ് പറഞ്ഞിട്ടും അനുസരിച്ചില്ല; അതുകൊണ്ടാണ് 75,000 രൂപ പിഴ ചുമത്തിയത്. ഇതുപോലെ റാംഭഖേഡി ഗ്രാമ പഞ്ചായത്തിലെ 10 കുടുംബങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്” ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍ കുണ്‍വര്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരു ദിവസത്തെ പിഴ 250 രൂപ എന്ന തോതില്‍ 10 പേര്‍ക്കു പിഴ ചുമത്തിയതായും അദ്ദേഹം പറഞ്ഞു. 1999 ലെ നിയമപ്രകാരമാണ് പിഴ ചുമത്തിയത്. ഒരു മാസം മുമ്പ് ഇവരോട് പൊതുസ്ഥലത്തെ മലവിസര്‍ജനം ഒഴിവാക്കണമെന്നു ഉപദേശം നല്‍കിയതാണ്. എന്നാലവരത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഈ കുടുംബത്തിന് സ്വന്തമായി കക്കൂസ് ഉള്ളവരായിട്ടും അതുപയോഗിക്കാതെ വെളിമ്പ്രദേശത്ത് മലവിസര്‍ജനം നടത്തുകയായിരുന്നു. നിരന്തരമായ ഉപദേശങ്ങളും അവര്‍ തള്ളിക്കളഞ്ഞൂ; ഗ്രാമപഞ്ചായത്ത് മുഖ്യ രാംരതി ബായി പറയുന്നു. ഗ്രാമവാസികളോട് നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് കക്കൂസുകള്‍ ഉപയോഗിക്കുകയെന്നത്. പക്ഷേ അവരാരും അതിനു തയ്യാറാകുന്നില്ലെന്നും ഗ്രാമപഞ്ചായത്ത് മുഖ്യ ആക്ഷേപം ഉന്നയിക്കുന്നു.

 

This post was last modified on September 19, 2017 4:58 pm