പാകിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ ഭീഷണിയും മോശം പെരുമാറ്റവും നേരിടുന്നതായി ഇന്ത്യയുടെ പരാതി. മൂന്ന് മാസത്തിനിടെ പാക് ഗവണ്മെന്റിന് ഇത് സംബന്ധിച്ച് ഇന്ത്യ നല്കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികളും പീഡനങ്ങളും പാകിസ്ഥാന് പ്രോത്സാഹിപ്പിക്കുകയാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ പാകിസ്ഥാന് തിരികെ വിളിച്ചിരുന്നു. ഇതന് പിന്നാലെയാണ് പരാതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പാക് ഉദ്യോഗസ്ഥന് മോശം അനുഭവമാണ് ഉണ്ടാകുന്നതെന്ന് ഉദ്യോഗസ്ഥനെ തിരികെ വിളിച്ചപ്പോള്‍ പാകിസ്ഥാന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമ്മീഷണറുടേത് സാധാരണ യാത്രയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
പാക് വിദേശകാര്യ മന്ത്രാലയത്തിന് നല്കിയിക്കുന്ന പരാതിയില്‍ പ്രധാനമായും രണ്ട് സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ ശനിയാഴ്ചയും മാര്‍ച്ച് പതിനഞ്ചിനും നടന്ന സംഭവങ്ങളാണ് ഇവ. ശനിയാഴ്ച ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഷോപ്പിംഗിന് പോയ ഉദ്യോഗസ്ഥരെ രണ്ട് പേര് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. മാര്‍ച്ച് 15ന് റസ്റ്ററന്റിലേക്ക് പോകുമ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥനും കുടുംബത്തിനുമാണ് ഭീഷണി നേരിടേണ്ടിവന്നത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിനെ പിന്തുടരുകയും മോശമായി സംസാരിക്കുകയുമായിരുന്നു എന്നാണ് ആരോപണം. ഈ രണ്ട് സംഭവങ്ങളിലും അന്വേഷണം വേണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.