X

നാഡീവിഷ ആക്രമണം; റഷ്യ 23 യു കെ നയതന്ത്ര വിദഗ്ദരെ പുറത്താക്കി

ബ്രിട്ടിഷ് കൌണ്‍സിലും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റും അടച്ചുപൂട്ടും

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനെയും മകളേയും നാഡീ വിഷം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ലണ്ടനും മോസ്കോയും തമ്മിലുള്ള നയതന്ത്ര യുദ്ധം തുടരുന്നു. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള യുകെയുടെ നടപടിയ്ക്ക് മറുപടിയായി അത്രയും എണ്ണം ബ്രിട്ടീഷ് നയതന്ത്ര വിദഗ്ധരെ പുറത്താക്കന്‍ റഷ്യ തീരുമാനിച്ചു. കൂടാതെ റഷ്യയിലെ ബ്രിട്ടിഷ് കൌണ്‍സിലും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റും അടച്ചുപൂട്ടുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് നാലിനാണ് സെര്‍ഗി സ്ക്രിപാലിനെയും മകളേയും അബോധാവസ്ഥയില്‍ സാലിസ്ബറിയില്‍ കണ്ടെത്തിയത്.

നാഡീവിഷമായ നോവിചോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ യു കെ സംഭവത്തില്‍ റഷ്യയ്ക്ക് പങ്കുണ്ട് എന്നു ആരോപിച്ചിരുന്നു. ഇതിനെ കുറിച്ച് വിശദീകരണം നല്‍കണമെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ റഷ്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യു കെ പുറത്താക്കിയിരുന്നു. യു എന്‍ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയിലും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യു കെയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.

This post was last modified on March 30, 2018 10:29 am