X

സെക്‌സിനിടയിലെ ബലപ്രയോഗം മൂലം കാമുകി മരിച്ച സംഭവം: മുംബൈയില്‍ ഇസ്രയേലി യുവാവിനെതിരെ കേസ്

ശ്വാസം മുട്ടിയാണ് 20കാരിയായ യുവതി മരിച്ചതെന്ന് വ്യക്തമായത് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് യുവാവിനെതിരെ കേസെടുത്തത്.

ഇസ്രയേല്‍ പൗരനായ ഓറിയോണ്‍ യാകോവ് എന്ന 23 കാരനെതിരെയാണ് ഇസ്രയേലുകാരി തന്നെയായ കാമുകിയുടെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തത്. ഹോട്ടല്‍മുറിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ കഴുത്തില്‍ യുവാവ് വല്ലാതെ ബലം പ്രയോഗിച്ചിരുന്നു. യുവതി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസിലാകുന്നതിന് മുമ്പ് തന്നെ ഗേള്‍ഫ്രണ്ട് മരിച്ചിരുന്നു എന്നാണ് യാകോവ് പറയുന്നത്.

ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയതാണ് ഇരുവരും. ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ഗേള്‍ഫ്രണ്ട് ബോധമില്ലാതെ കിടക്കുന്നതായി യാകോവ് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. യുവതിയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും വാസ്തവത്തില്‍ എന്താണ് സംഭവിച്ചത് എന്നത് അവ്യക്തമായിരുന്നു. യുവതിയുടെ ബന്ധുക്കളെത്തി മൃതദേഹം ഇസ്രയേലിലേയ്ക്ക് കൊണ്ടുപോയി. ശ്വാസം മുട്ടിയാണ് 20കാരിയായ യുവതി മരിച്ചതെന്ന് വ്യക്തമായത് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് യുവാവിനെതിരെ കേസെടുത്തത്. അതേസമയം യാകോവ് നിലവില്‍ ഇസ്രയേലിലാണ്.