X

ഗോവ മുഖ്യമന്ത്രി പരീഖര്‍ ഊറ്റം കൊളളുന്നത് ഏത് ഭരണമികവില്‍? തോമസ് ഐസക് ചോദിക്കുന്നു

മാഫിയയ്‌ക്കെതിരെ ഇതേവരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. മയക്കുമരുന്നു മാഫിയയെ ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന മന്ത്രിസഭയിലെ സ്വന്തം സഹപ്രവര്‍ത്തകന്‍റെ സുരക്ഷിതത്വം പരീക്കര്‍ ആദ്യം ഉറപ്പുവരുത്തട്ടെ. മിനിമം അത്രയെങ്കിലും ചെയ്തിട്ട് കേരളത്തിലേയ്ക്കൂ ടിക്കറ്റെടുക്കൂ.

കേരളം ഭരിക്കുന്നത് തെമ്മാടികളെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറിന് മറുപടിയുമായി ധനമന്ത്രി തോമസ്‌ ഐസക്. കേരളത്തിലെ തങ്ങളുടെ അണികളെ ആവേശം കൊള്ളിക്കാന്‍ പദവിയ്ക്കും അന്തസിനും ചേരാത്ത പ്രസ്താവനകളിറക്കി മത്സരിക്കുകയാണ് ജനരക്ഷായാത്രയ്‌ക്കെത്തുന്ന ബിജെപി നേതാക്കളെന്ന് തോമസ്‌ ഐസക് പറഞ്ഞു. ഇതൊക്കെക്കൊണ്ട് എന്താണവര്‍ നേടുന്നത് എന്നറിയില്ല. ഏറ്റവുമൊടുവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് വില കുറഞ്ഞ പ്രസ്താവനയിറക്കി വാര്‍ത്താകേന്ദ്രമായത്. ഏത് ഭരണമികവിനെക്കുറിച്ചാണ് പരീഖര്‍ ഊറ്റം കൊള്ളുന്നത് എന്നറിയില്ല. മയക്കുമരുന്ന് മാഫിയ തന്നെ വേട്ടയാടുകയാണെന്ന് ഇക്കഴിഞ്ഞ മാസമാണ് ഗോവയിലെ ഫിഷറീസ് മന്ത്രി വിനോദ് പാലീയേങ്കര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കു പരാതി നല്‍കിയത്. മാഫിയയെ ഭയന്ന് പ്രഭാതസവാരി പോലും ഉപേക്ഷിച്ചുവെന്ന് വാര്‍ത്താസമ്മേളനം നടത്തി പരീഖര്‍ മന്ത്രിസഭയിലെ അംഗം തുറന്നടിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. ഐസ്‌ക് തന്റെ ഫേസ്ബുക്ക് പോസറ്റില്‍ കുറിച്ചു.

അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കൌതുകകരമായിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തുപറയരുതെന്നാവശ്യപ്പെട്ട് ഭരണകക്ഷി എംഎല്‍എമാര്‍ക്ക് അദ്ദേഹം കത്തെഴുതി. ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് അനാവശ്യമായ സെന്‍സേഷനുണ്ടാക്കുമെന്നും അക്രമികള്‍ക്ക് നടപടികളെക്കുറിച്ചുള്ള സൂചന കിട്ടുമെന്നൊക്കെയായിരുന്നത്രേ കത്തിലെ വാദങ്ങള്‍. പരീക്കറുടെ ഈ നടപടിയും സംസ്ഥാനത്ത് രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഗോവയിലെ മുന്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന രവി നായിക്കിന്‍റെ മകന്‍ റോയ് നായിക്കും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ അംഗമായിരുന്ന മുന്‍ എംഎല്‍എ ലാവൂ മാംലേദാറിന്റെ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കമ്മിറ്റിയില്‍ അംഗങ്ങളായ ബിജെപി അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ മാസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ മയക്കുമരുന്ന് വില്‍പനയില്‍ പ്രാവീണ്യം നേടിയ സംഘങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ രേഖാമൂലം അറിയിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

ഗോവയിലെ ഉന്നത രാഷ്ട്രീയനേതാക്കളും മയക്കുമരുന്നു മാഫിയയുമായുള്ള കൂട്ടുകെട്ട് എന്നും വിവാദവിഷയമായിരുന്നു. അധികാരമേറ്റാല്‍ മാഫിയയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനവും നല്‍കിയിരുന്നു. പക്ഷേ, 40 അംഗ നിയമസഭയില്‍ ബിജെപിയ്ക്ക് ആകെ കിട്ടിയത് 13 സീറ്റാണ്. കോണ്‍ഗ്രസിന് പതിനേഴും. തെരഞ്ഞെടുപ്പില്‍ ജനം വോട്ടു ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാത്തതുകൊണ്ടാവാം, മാഫിയയ്‌ക്കെതിരെ ഇതേവരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. മയക്കുമരുന്നു മാഫിയയെ ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന മന്ത്രിസഭയിലെ സ്വന്തം സഹപ്രവര്‍ത്തകന്‍റെ സുരക്ഷിതത്വം പരീക്കര്‍ ആദ്യം ഉറപ്പുവരുത്തട്ടെ. മിനിമം അത്രയെങ്കിലും ചെയ്തിട്ട് കേരളത്തിലേയ്ക്ക് ടിക്കറ്റെടുക്കൂ.

This post was last modified on October 17, 2017 11:01 am