X

ദളിതരോടുളള സമീപനം മാറ്റിയില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതി

ഗുജറാത്തിലെ ഉനയും രോഹിത് വെമുലയുമെല്ലാം ബി.ജെ.പി ദളിതരെ കൈകാര്യം ചെയ്തതിന്റെ ഉദാഹരണങ്ങളാണെന്നും മായവതി

ഹിന്ദു മതനേതാക്കള്‍ ദളിതരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും ബി.ജെ.പിയിലെ ദളിത് നേതാക്കള്‍ ജാതിവെറിയന്മാരായ ആര്‍.എസ്.എസിനെ സംബന്ധിച്ചെടുത്തോളം തൊഴിലാളികള്‍ മാത്രമാണെന്നും മായാവതി പറഞ്ഞു. ഗുജറാത്തിലെ വഡോദരയില്‍ സംസാരിക്കുകയായിരുന്നു മായാവതി.

1917 സെപ്റ്റംബര്‍ 23ന് അംബേദ്ക്കര്‍ വഡോദരയിലെ ജോലി ഉപേക്ഷിച്ച് പോകാന്‍ കാരണം തുടര്‍ച്ചയായി ജാതിഅധിക്ഷേപം നേരിട്ടത് കൊണ്ടായിരുന്നെന്നും മായാവതി വിശദാമാക്കി.
ബി.ജെ.പി ഭരണത്തിന് കീഴില്‍ ദളിതരുടെ ജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ദളിതരുടെ വോട്ട് കിട്ടാന്‍ അംബേദ്കറുടെ പേരില്‍ മോദി നാടകം കളിക്കുകയാണെന്നും മായാവതി പറഞ്ഞു.

ഗുജറാത്തിലെ ഉനയും രോഹിത് വെമുലയുമെല്ലാം ബി.ജെ.പി ദളിതരെ കൈകാര്യം ചെയ്തതിന്റെ ഉദാഹരണങ്ങളാണെന്നും മായവതി പറഞ്ഞു.

 

This post was last modified on September 24, 2017 7:00 pm