X

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്: നാവായിക്കുളത്തെ തോല്‍വിയ്ക്ക് വിശദീകരണം വേണമെന്ന് എഐസിസി

അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫിനോട് പരാജയപ്പെട്ടെങ്കിലും നാവായിക്കുളത്തെ 28-ാം വാര്‍ഡില്‍ ബിജെപി ജയിച്ചതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരിക്കുന്നത്‌

സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. 20 വാര്‍ഡുകളില്‍ 13 സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ അതില്‍ അഞ്ചെണ്ണം യുഡിഎഫില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം നാവായിക്കുളത്ത് നേരിട്ട തോല്‍വിയെക്കുറിച്ച് കെപിസിസിയോട് എഐസിസി നേതൃത്വം വിശദീകരണം ചോദിച്ചിരിക്കുകയാണ്. അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫിനോട് പരാജയപ്പെട്ടെങ്കിലും നാവായിക്കുളത്തെ 28-ാം വാര്‍ഡില്‍ ബിജെപി ജയിച്ചതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്. മറ്റ് വാര്‍ഡുകളിലെ പരാജയത്തെക്കുറിച്ച് അവര്‍ വിശദീകരണം ചോദിച്ചിട്ടുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ ലൈല നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ശബരിമല സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും നടത്തിയ കള്ളപ്രചരണങ്ങള്‍ പരാജയപ്പെട്ടതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ജയം എന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ നില്‍ക്കുകയും ബിജെപിയും ആര്‍എസ്എസും ആസൂത്രണം ചെയ്ത സമരത്തിന് പിന്തുണ നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എഐസിസി ഒരു ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ടുള്ള എഐസിസിയുടെ കത്ത് ലഭിച്ച കെപിസിസി തിരുവനന്തപുരം ഡിസിസിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

സംഘപരിവാറിന് ആയുധം താലത്തില്‍ വച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ നാണംകെട്ട പിന്മാറ്റം

This post was last modified on October 13, 2018 4:22 pm