X

ശബരിമലയില്‍ ശ്രീകോവിലിന് സമീപം ബൂട്ടിട്ട പോലീസ്: പ്രതിഷേധമുയര്‍ന്നപ്പോള്‍ മാപ്പ് ചോദിച്ചു

പതിനെട്ടാം പടിക്ക് മുകളിലും മാളികപ്പുറത്തും സായുധ പോലീസ് വേണ്ടെന്ന സര്‍ക്കുലര്‍ ലംഘിച്ചാണ് നടപടി

ശബരിമലയില്‍ ശ്രീകോവിലിന് സമീപത്ത് ബൂട്ടിട്ട് പോലീസുകാര്‍ കയറിയത് വിവാദമായി. ഇന്ന് സന്നിധാനത്ത് ദര്‍ശനം നടത്താനെത്തിയ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരാണ് സായുധരായി ബൂട്ടിട്ട് എത്തിയത്.

പതിനെട്ടാം പടിക്ക് മുകളിലും മാളികപ്പുറത്തും സായുധ പോലീസ് വേണ്ടെന്ന സര്‍ക്കുലര്‍ ലംഘിച്ചാണ് നടപടി. ബൂട്ടും ലാത്തിയും കവചവുമായി പോലീസ് നിലയുറപ്പിച്ചതോടെ പ്രതിഷേധമുയരുകയും ചെയ്തു. അയ്യപ്പ ഭക്തര്‍ പരിപാവനമായി കരുതുന്ന ശ്രീകോവിലിന് തൊട്ടടുത്ത് പോലീസ് ബൂട്ടിട്ട് കയറുകയായിരുന്നു. അരമണിക്കൂറിലേറെ പോലീസുകാര്‍ ഇവിടെയുണ്ടായിരുന്നെന്ന് മനോരമ ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെറ്റുപറ്റിയെന്നും നടപടിയുണ്ടാകുമെന്നും ഇനിയുണ്ടാകാതെ നോക്കുമെന്നും സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ജി ജയദേവ് പിന്നീട് അറിയിച്ചു. നിയമപ്രശ്‌നം പറഞ്ഞ് ആദ്യം പോലീസ് മടക്കിയയച്ച നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കനത്ത പോലീസ് സുരക്ഷയിലാണ് പിന്നീട് ദര്‍ശനം നടത്തി മടങ്ങിയത്. നടയടയ്ക്കാന്‍ ഒമ്പത് ദിവസം മാത്രം ശേഷിക്കേ സന്നിധാനത്ത് ഭക്തജനത്തിരക്ക് കൂടുകയാണ്.

This post was last modified on December 18, 2018 6:53 pm