X

ഒരക്ഷരം പോലും വായിക്കാതെ ചിലര്‍ പറയുന്ന അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെങ്കിലും വായന കൂടിയേ തീരൂ: മുഖ്യമന്ത്രി

ഒരു കൃതിയെ തൊടുമ്പോള്‍ ഓരോ വ്യക്തിയെ തൊടുന്നുവെന്നാണ് പറയുന്നത്

ഒരു അക്ഷരം പോലും വായിക്കാതെ ചിലര്‍ പറയുന്ന അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെങ്കിലും വായന കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരാണ കാലത്ത് വിമാനം കണ്ടുപിടിച്ചിരുന്നുവെന്നൊക്കെ ശാസ്ത്ര കോണ്‍ഗ്രസില്‍ വന്ന പറയുന്നവര്‍ അബദ്ധങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അലൂമിനിയം കണ്ടുപിടിച്ചത് പോലും പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നും പിണറായി ചൂണ്ടിക്കാട്ടി. മാതൃഭൂമി ബുക്‌സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൃതിയെ തൊടുമ്പോള്‍ ഓരോ വ്യക്തിയെ തൊടുന്നുവെന്നാണ് പറയുന്നത്. ഓരോ കൃതികളും ഓരോ പുരാവൃത്തങ്ങളും. നമ്മുടെ കവിത വികാസം പ്രാപിച്ചത് നവോത്ഥാന കാലഘട്ടത്തിലാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഒരു അക്ഷരം വായിക്കാതെ ചിലര്‍ പറയുന്ന അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെങ്കിലും വായന കൂടിയേ തീരൂ. ചണ്ഡലഭിക്ഷുകിയെ ബുദ്ധസന്യാസ മഠത്തില്‍ പ്രവേശിപ്പിച്ചതിനെ ചോദ്യം ചെയ്യാന്‍ വന്ന രാജാവിനോട് ബുദ്ധന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ‘ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്ക് ഇന്നത്തെ ആചാരമാകാം. നാളെ ശാസ്ത്രമതാകാം’ എന്നായിരുന്ന സന്യാസിയുടെ വാക്കുകള്‍.