X

വാക്ക് പ്രവര്‍ത്തിയാക്കി സര്‍ക്കാര്‍: മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള 180 പേര്‍ തീരദേശ സേനയിലേക്ക്

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 180 പേര്‍ക്ക് തീരദേശ സേനയില്‍ ജോലി നല്‍കിയാണ് സര്‍ക്കാര്‍ വാക്ക് പാലിക്കുന്നത്. ഓഖി ദുരിത ബാധിതരുടെ ആശ്രിതര്‍ക്കും നിയമനം നല്‍കും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് ഇന്ന് കൈമാറും.

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.

This post was last modified on February 26, 2019 3:59 pm