X

ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാര്‍ട്ടി തന്നെ: ആരോപണവുമായി കുടുംബം

മക്കളെ വകവരുത്തുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ഇക്കാലമത്രയും നിശബ്ദയായിരുന്നതെന്ന് രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദു

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാര്‍ട്ടി തന്നെയാണെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണമാണ് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വിവാദമായിരിക്കുന്നത്.

മക്കളെ വകവരുത്തുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ഇക്കാലമത്രയും നിശബ്ദയായിരുന്നതെന്ന് രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2008 ജനുവരി മൂന്നിനാണ് അഞ്ചല്‍ മേഖലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന ഇടമുളയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയെ അക്രമി സംഘം വെട്ടിവീഴ്ത്തിത്. എട്ടുവര്‍ഷത്തോളം ചലനശേഷി ഇല്ലാതെ കിടന്ന ശേഷം 2016 ജനുവരി 13ന് അദ്ദേഹം മരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരിക്കെ കൊടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വാക്ക് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും ബിന്ദു പറയുന്നു. തുടരന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ മട്ട് മാറി. രവീന്ദ്രന്‍ പിള്ളയ്ക്ക് മാനസിക രോഗമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി.

തുടരന്വേഷണം നടക്കുകയും യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും ചെയ്താല്‍ കുരുക്കിലാകുന്നത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. ഭയം കാരണം ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബിന്ദു പറയുന്നു.

 

This post was last modified on April 28, 2018 2:05 pm