X

ദലിത് പൂജാരിയുടെ ആദ്യ പൂജ ഇന്ന് നടന്നു; അഭിനന്ദനവുമായി കമല്‍ ഹാസനും

മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ യദു പ്രസാദവും തീര്‍ത്ഥവും നല്‍കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി നിയമിതനായ ആദ്യ ദലിത് പിആര്‍ യദുകൃഷ്ണന്‍ ഇന്ന് ചുമതലയേറ്റു. തിരുവല്ല, മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ യദു പ്രസാദവും തീര്‍ത്ഥവും നല്‍കി.

കഴിഞ്ഞദിവസമാണ് തിരുവല്ല അസി ദേവസ്വം കമ്മിഷണര്‍ ഓഫീസിലെത്തി എസി ശ്രീകുമാരിയില്‍ നിന്നും യദു ഉത്തരവ് ഏറ്റുവാങ്ങിയത്. ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പില്‍ നിരണത്ത് ശാല സബ്ഗ്രൂപ്പില്‍പ്പെട്ട രണ്ട് നേരം പൂജയുള്ള ക്ഷേത്രമാണ് മണപ്പുറം മഹാദേവ ക്ഷേത്രം. ചാലക്കുടി കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് രവിയുടെയും അമ്മ ലീലയുടെയും മകനാണ് യദുകൃഷ്ണ. കേരള ദേവസ്വം ബോര്‍ഡ് നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനായിരുന്നു യദു. 62 പേരുടെ റാങ്ക് ലിസ്റ്റില്‍ യദു ഉള്‍പ്പെടെ ആറ് പട്ടികജാതിക്കാര്‍ പൂജാരിയാകാന്‍ യോഗ്യത നേടി.

ഇതിനിടെ ക്ഷേത്രങ്ങളിലെ അബ്രാഹ്മണ ശാന്തി നിയമനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസന്റെ ട്വീറ്റ്. ‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ നിയമിച്ച കേരളമുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു’ എന്നായിരുന്നു കമലിന്റെ ട്വീറ്റ്.

നേരത്തെ പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിനും എംഡിഎംകെ നേതാവ് വൈക്കോയും അഭിനന്ദിച്ചിരുന്നു.

This post was last modified on October 9, 2017 11:13 pm