X

സെന്‍കുമാറിനെതിരായ പോരാട്ടത്തിന് സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാക്കിയത് 20 ലക്ഷം രൂപ

സുപ്രിംകോടതിയില്‍ അഭിഭാഷകരുടെ ഫീസ് ഇനത്തിലാണ് സര്‍ക്കാരിന് 20 ലക്ഷം രൂപ ചെലവ് വന്നത്

ടി പി സെന്‍കുമാറുമായുള്ള നിയമയുദ്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഖജനാവില്‍ നിന്നും ചെലവാക്കിയത് 20 ലക്ഷം രൂപ. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരികെയെത്താതിരിക്കാനായിരുന്നു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി വരെ പോയത്. ഇതാകട്ടെ പിണറായിയ്ക്ക് സെന്‍കുമാറിനോടുള്ള വാശി മൂലവും.

മനോരമ ന്യൂസ് ആണ് ഈ വിവരം പുറത്തുവിട്ടത്. സുപ്രിംകോടതിയില്‍ അഭിഭാഷകരുടെ ഫീസ് ഇനത്തിലാണ് സര്‍ക്കാരിന് 20 ലക്ഷം രൂപ ചെലവ് വന്നത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ ധനവകുപ്പ് തടഞ്ഞിരുന്നു. രാജ്യത്തെ പ്രമുഖ അഭിഭാഷകരായ ഹരീഷ് സാല്‍വെ, പിപി റാവു, ജയ്ദീപ് ഗുപ്ത, സിദ്ധാര്‍ഥ് ലൂത്ര എന്നിവര്‍ വരെ സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തി.

സാല്‍വെയ്ക്ക് 10 ലക്ഷം, റാവുവിന് 4.40 ലക്ഷം, ഗുപ്തയ്ക്ക് 3.30 ലക്ഷം, ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് 270,000 രൂപ എന്നിങ്ങനെയാണ് ഫീസ്. 20 ലക്ഷം രൂപയാണ് എജി ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 23ന് പണം കൈമാറണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പ് ധനകാര്യ വകുപ്പിന് കത്ത് നല്‍കി. എന്നാല്‍ ആറ് മാസമായിട്ടും ഫയലില്‍ തീരുമാനമെടുത്തില്ല. സര്‍ക്കാര്‍ അഭിമാന പോരാട്ടമായി കരുതിയ കേസിലാണ് ധനകാര്യ വകുപ്പിന്റെ അനങ്ങാപ്പാറ നയമെന്നതും ശ്രദ്ധേയമാണ്.