X

കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കുമ്മനം രാജശേഖരന്‍

പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം സമാനതകളില്ലാതെയാണ് ജില്ലാ ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയത്

പ്രളയകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കല്‍പ്പറ്റ എപിജെ അബ്ദുള്‍ കലാം ഹാളില്‍ നടന്ന മാനന്തവാടി രൂപതാ പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം സമാനതകളില്ലാതെയാണ് ജില്ലാ ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയത്. ഇത് മാതൃകാപരമായിരുന്നു. വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണെന്നും കേരളത്തില്‍ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏക ജില്ലയായ വയനാടിന്റെ വികസനത്തിന് തന്റെ എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന ബിജെപിയുടെ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് കുമ്മനം രംഗത്തെത്തിയത്. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇന്നലെ ബിജെപി പുറത്തുവിട്ടത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം മത്സരിച്ചാല്‍ തിരുവനന്തപുരത്ത് വിജയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.