X

ബംഗളൂരുവില്‍ അവഗണിച്ച പിണറായിയ്ക്ക് മമതയുടെ പിറന്നാള്‍ ആശംസകള്‍

കര്‍ണാടകയില്‍ എച്ച് ഡി കമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇരുവരും പരസ്പരം അവഗണിക്കുകയായിരുന്നു

ബിജെപി കഴിഞ്ഞാല്‍ സിപിഎമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളായാണ് തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയെയും കണക്കാക്കുന്നത്. പശ്ചിമബംഗാളിലാണെങ്കില്‍ ഇരുവര്‍ക്കും പരസ്പരം ബിജെപിയോടുള്ളതിനേക്കാള്‍ വൈരാഗ്യവുമാണ്.

അതേസമയം ബിജെപിയ്‌ക്കെതിരായ മഹാസഖ്യത്തിന് രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇരുപാര്‍ട്ടികളും പരസ്പരം കൈകോര്‍ക്കുമെന്നും ഉറപ്പായിരിക്കുകയാണ്. ഇന്നലെ കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം നേതാക്കളും മമത ബാനര്‍ജിയും പങ്കെടുത്തിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയ്ക്ക് ഈ ചടങ്ങില്‍ വച്ച് കൈകൊടുക്കുകയും ചെയ്തത് ഏറെ കൗതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു.

എന്നാല്‍ അപ്പോഴും പിണറായി വിജയനും മമതയും തമ്മില്‍ പ്രകടമായ അകല്‍ച്ചയും എല്ലാവരും ശ്രദ്ധിച്ചിരുന്നു. പിണറായിയുടെ തൊട്ടടുത്തിരുന്ന ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവുമായി മമത കുശലം നടത്തുമ്പോള്‍ പിണറായി അവരെ ശ്രദ്ധിക്കാതിരിക്കുകയായിരുന്നു. ചടങ്ങിനെത്തിയ മുഴുവന്‍ നേതാക്കള്‍ക്കും മമത കൈകൊടുക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തപ്പോള്‍ അവര്‍ പിണറായി വിജയനെ കണ്ടില്ലെന്ന് നടിച്ചു.

എന്നാല്‍ ഇന്നു രാവിലെയായപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ച് മമത പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്നാണ് പിണറായിയുടെ 74-ാം പിറന്നാള്‍. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മമതയുടെ ട്വീറ്റ്. പ്രത്യക്ഷത്തില്‍ അകല്‍ച്ച കാണിച്ചെങ്കിലും ബിജെപിയ്‌ക്കെതിരായ മഹാസഖ്യത്തില്‍ ഈ നേതാക്കളെല്ലാം ഒറ്റക്കെട്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നതായി മമതയുടെ ട്വീറ്റ്.

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 24, 2018 4:49 pm