X

കേരളം യുപിയെ കണ്ടുപഠിക്കണമെന്ന് ആദിത്യനാഥ് കണ്ണൂരില്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ രണ്ടാം ദിന പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്

കേരളം ഉത്തര്‍പ്രദേശിനെ കണ്ട് പഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുകയാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ രണ്ടാം ദിന പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

ജിഹാദി, ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന പര്യടനം കല്യാശേരിക്ക് സമീപം കീച്ചേരിയില്‍ നിന്നാണ് ആരംഭിച്ചത്. ആദിത്യനാഥിന്റെ സാന്നിധ്യം തന്നെയാണ് ഇന്നത്തെ യാത്രയുടെ പ്രത്യേകത. ജാഥയോടൊപ്പം ആദിത്യനാഥ് നടക്കുകയാണ്. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പങ്കെടുക്കും.

also read: ആ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല; നിങ്ങളെയാണോ ഞങ്ങള്‍ കണ്ടുപഠിക്കേണ്ടത്?

അതേസമയം ആദ്യദിവസത്തെ പദയാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നത്തെ മംഗളൂരുവിലെ പരിപാടികള്‍ റദ്ദാക്കി അടിയന്തിരമായി ഡല്‍ഹിക്ക് തിരിച്ചു. രാത്രിയോടെ കോഴിക്കോട് തിരികെയെത്തി നാളെ പിണറായി അടക്കമുള്ള സ്ഥലങ്ങളിലെ ജാഥയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം ബിജെപി ആസ്ഥാനത്തു നിന്നും ലഭിച്ച അടിയന്തര സന്ദേശത്തെ തുടര്‍ന്നാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് തിരിച്ചതെന്നും നാളെയും മറ്റന്നാളും കേരളത്തിലെ പര്യടനങ്ങളില്‍ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രമന്ത്രിമാരായ ശിവപ്രതാപ് ശുക്ല, അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി ന്യൂഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

വൈകിട്ട് 5.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സമാപന യോഗം. നാളെ മാമ്പുറത്ത് നിന്നും ആരംഭിച്ച് പിണറായി വഴിയാണ് നാളത്തെ പദയാത്ര. വൈകിട്ട് 5.30ന് തലശേരിയില്‍ സമാപനം. ആറിന് പാനൂരില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പില്‍ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.

This post was last modified on October 4, 2017 3:45 pm