X

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാല്‍(72) അന്തരിച്ചു. ദോശകളുടെ രാജാവ് എന്നാണ് രാജഗോപാല്‍ അറിയപ്പെട്ടിരുന്നത്. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനാല്‍ അത് സാധിച്ചില്ല.

സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്ന് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സില്‍ മൂക്കില്‍ ട്യൂബിട്ടാണ് രാജഗോപാല്‍ കോടതിയിലെത്തിയത്. പിന്നീട് പുഴല്‍ ജയിലിലെത്തിച്ചെങ്കിലും അസുഖം കൂടിയതിനെ തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നല്‍കണമെന്നാണ് മകന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. രാജഗോപാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോപാലിനെ ഇവിടെ നിന്നും മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍എംഒ ഡോ. പി രമേശ് വ്യക്തമാക്കിയിരുന്നു.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് രാജഗോപാലിനെതിരെയുള്ള കേസ്. രണ്ട് ഭാര്യമാരുള്ള രാജഗോപാല്‍ ജോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. രാജഗോപാലിന്റെ മൂന്നാം ഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ ഭീഷണിപ്പെടുത്തി. 2001ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

read more:ശരവണ ഭവന്‍ രാജഗോപാലിന് ഇനി പുഴല്‍ സെന്‍ട്രല്‍ ജയിലിലെ ഉണക്ക ചപ്പാത്തി തിന്നാം; ജ്യോതിഷത്തിന്റെ ഓരോ കളികള്‍

Saravana Bhavan restaurant chain owner P Rajagopal (72) died in a Chennai hospital on Thursday, two days after he was shifted from jail where he was serving life term for murdering his employee whose wife he had wanted to marry.

This post was last modified on July 18, 2019 1:17 pm