എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചില്ല. ഈ വിഷയത്തില്‍ ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാനാണ് സുപ്രിംകോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈവിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മിഷനാണ് ഉള്ളതെന്നും സുപ്രിംകോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കാശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.
മറ്റ് മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹനിക്കപ്പെടുന്നതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്.