X

മിഹിര്‍ ബോസിന്റെ ‘സില്‍വര്‍’: രണ്ടാം ലോകയുദ്ധത്തില്‍ നാസികളെ കബളിപ്പിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ ചാരന്റെ കഥ

തല്‍വാര്‍ തങ്ങളെ സമര്‍ത്ഥമായി പറ്റിക്കുകയായിരുന്നു എന്ന് ജര്‍മ്മന്‍കാര്‍ അറിഞ്ഞില്ല. ഭഗത് റാം ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഫാഷിസ്റ്റുകളെ ഒരു തരത്തിലും സഹായിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.

രണ്ടാം ലോക യുദ്ധ കാലത്ത് നാസികളെ കബളിപ്പിച്ച സമര്‍ത്ഥനായ ഒരു ഇന്ത്യന്‍ ചാരനാണ് ഭഗത് റാം തല്‍വാര്‍. ഭഗത് റാം തല്‍വാറിന്റെ അത്രയൊന്നും അറിയപ്പെടാത്ത അതുല്യ ചരിത്രം പുറത്തുകൊണ്ടുവരുന്നത് സില്‍വര്‍ എന്ന പുസ്തകത്തിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മിഹിര്‍ ബോസ് ആണ്. Silver: The Spy Who Fooled the Nazis എന്നാണ് പുസ്തകത്തിന്റെ പേര്. ജര്‍മ്മനിക്ക് വേണ്ടി ചാരപ്പണി നടത്തുന്നതായി ഭാവിക്കുകയും യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും വേണ്ടി ചാരപ്പണി നടത്തുകയും ചെയ്ത വ്യക്തിയാണ് പഞ്ചാബിലെ വിപ്ലവകാരികളുടെ കുടുംബത്തില്‍ നിന്നുള്ള ഭഗത് റാം തല്‍വാര്‍. നേരത്തെ The Indian Spy എന്ന പേരില്‍ ഭഗത് റാമിനെക്കുറിച്ച് മറ്റൊരു പുസ്തകവും മിഹിര്‍ ബോസ് തയ്യാറാക്കിയിരുന്നു.

1908ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രൊവിന്‍സിലാണ് (വിഭജനത്തിന് ശേഷം പാകിസ്ഥാനില്‍) ഭഗത് റാം തല്‍വാറിന്റെ ജനനം. ഒരു സമ്പന്ന പഞ്ചാബി കുടുംബത്തില്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി നല്ല സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്ന ഭഗതിന്റെ പിതാവ് 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് എതിരായി. 1929ല്‍ പഞ്ചാബ് ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭഗതിന്റെ സഹോദരന്‍ ഹരി കിഷനെ തൂക്കിലേറ്റി. സഹോദരന്റെയും പിന്നീട് ഭഗത് സിംഗ് അടക്കമുള്ളവരുടേയും രക്തസാക്ഷിത്വമാണ് ഭഗത് റാം തല്‍വാറിനെ വിപ്ലവ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്. തീവ്ര വിപ്ലവ പരിപാടികളില്‍ ഭഗത് റാമും പങ്കാളിയായി. പിന്നീട്‌ കമ്മ്യൂണിസ്റ്റ് സംഘടനയായ കീര്‍ത്തി കിസാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

1941ല്‍ ഒരു വിപ്ലവകാരിയെ ബ്രിട്ടീഷ് കണ്ണ് വെട്ടിച്ച് രാജ്യത്തിന് പുറത്തേയ്ക്ക് കടത്താന്‍ ഭഗത് റാം നിയോഗിക്കപ്പെട്ടു. ആ വ്യക്തി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ചെവി കേള്‍ക്കാത്ത, മൂകനായ മുസ്ലീം തീര്‍ത്ഥാടകന്‍ മുഹമ്മദ് സിയാവുദീനായി സുഭാഷ് ചന്ദ്ര ബോസും അദ്ദേഹത്തിന്റെ സെക്രട്ടറി റഹ്മത് ഖാനായി ഭഗത് റാം തല്‍വാറും വേഷം മാറി. ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചാരവൃത്തിക്കും രഹസ്യാന്വേഷണത്തിനുമുള്ള തന്റെ കഴിവ് ഭഗത് റാം തിരിച്ചറിയുന്നത് ഇവിടെ വച്ചാണ്. തന്റെ ഇന്ത്യന്‍ ഏജന്റായി ഭഗത് റാമിനെ, ബോസ് ജര്‍മ്മന്‍ അധികാരികള്‍ക്ക് പരിചയപ്പെടുത്തി. ജര്‍മ്മന്‍ നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികള്‍ക്ക് വേണ്ടിയുള്ള ചാരപ്രവര്‍ത്തനത്തിലൂടെ ആയിരുന്നു തുടക്കം. തല്‍വാറിന്റെ കഴിവ് തിരിച്ചറിഞ്ഞ ജര്‍മ്മന്‍ ഉേേദ്യാഗസ്ഥര്‍ അദ്ദേഹത്തിന് കൂടുതല്‍ പരിശീലനവും സൗകര്യങ്ങളും നല്‍കി. ഒരു ട്രാന്‍സ്മിറ്റര്‍ റിസീവര്‍ സെറ്റും നല്‍കി. ബ്രിട്ടനിലും അഫ്ഗാനിസ്ഥാനിലുമായിരുന്നു ഭഗത് റാമിന് കൂടുതലും ദൗത്യങ്ങള്‍. വലിയ പ്രതിഫലമാണ് ജര്‍മ്മനി അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഇപ്പോഴത്തെ നിലവാരമനുസരിച്ച് 25 ലക്ഷം യൂറോ (ഏതാണ്ട് 19 കോടി രൂപ) രണ്ടാം ലോകയുദ്ധ കാലത്ത് മൊത്തത്തില്‍ ജര്‍മ്മനി അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയത്. നാസി ജര്‍മ്മനിയിലെ ഏറ്റവും വലിയ സൈനിക ബഹുമതിയായിരുന്ന അയണ്‍ ക്രോസ് സമ്മാനിച്ച് ആദരിക്കുകയും ചെയ്തു.

പക്ഷെ ഇത്രയൊക്കെ ചെയ്ത ജര്‍മ്മന്‍കാര്‍ അറിഞ്ഞില്ല, തല്‍വാര്‍ തങ്ങളെ സമര്‍ത്ഥമായി പറ്റിക്കുകയായിരുന്നു എന്ന്. ഭഗത് റാം ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഫാഷിസ്റ്റുകളെ ഒരു തരത്തിലും സഹായിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 1941ല്‍ നാസി ജര്‍മ്മനി, സോവിയറ്റ് യൂണിയനില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് ഭഗത് റാം തല്‍വാര്‍ സോവിയറ്റ് ഭരണകൂടവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഒരു ട്രിപ്പിള്‍ ഏജന്റായി മാറി. ജര്‍മ്മന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി മോസ്‌കോയ്ക്ക് കൈമാറി. അസാധാരണമായ തരത്തില്‍ ബ്രിട്ടന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുമായി സോവിയറ്റ് യൂണിയന്‍ ധാരണയിലെത്തിയപ്പോള്‍ ഭഗത് റാം, ബ്രിട്ടന് വേണ്ടിയും ചാരപ്പണി നടത്തി.

ബ്രിട്ടീഷ് ഇന്റലിജന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സോവിയറ്റ് യൂണിയന്‍ അനുവദിച്ച ഒരേയൊരു ചാരനായിരുന്നു അദ്ദേഹം. വിഖ്യാത കഥാപാത്രം ജയിംസ് ബോണ്ടിന്റെ സ്രഷ്ടാവായ ഇയാന്‍ ഫ്‌ളെമിംഗിന്റെ സഹോദരന്‍ പീറ്റര്‍ ഫ്‌ളെമിംഗ് ആയിരുന്നു ഭഗതിന്റെ ബ്രിട്ടീഷ് കണ്‍ട്രോള്‍ ഓഫീസര്‍. സില്‍വര്‍ എന്ന കോഡ് നെയിം അദ്ദേഹത്തിന് നല്‍കിയത് പീറ്റര്‍ ഫ്‌ളെമിംഗ് ആണ്. പീറ്റര്‍ ഫ്‌ളെമിംഗിന്റെയും ജര്‍മ്മന്‍കാര്‍ നല്‍കിയ ട്രാന്‍സ്മിറ്ററിന്റേയും സഹായത്തില്‍ ഡല്‍ഹിയിലെ വൈസ്രോയ് പാലസിന്റെ ഗാര്‍ഡനില്‍ നിന്ന് ഭഗത് റാം തെറ്റായ വിവരങ്ങളും ഭാവനാത്മക കഥകളും റേഡിയോ വഴി ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ തുടങ്ങി. ബെര്‍ലിനിലെ ജര്‍മ്മന്‍ ഇന്റലിജന്‍സ് ആസ്ഥാനമായിരുന്നു ലക്ഷ്യം. പിന്നീട് ജര്‍മ്മനിയുടെ സഖ്യകക്ഷികളായിരുന്ന ഇറ്റലിക്കും ജപ്പാനും ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി.

വായനയ്ക്ക്: https://goo.gl/VNJ3nS

1945ല്‍ യുദ്ധം അവസാനിക്കുന്ന സമയത്ത് സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയവരുടെയെല്ലാം ചാരനായി ഭഗത് റാം മാറി. എല്ലാവരും അവരവരുടെ ആളാണ് ഭഗത് എന്ന് കരുതി. ഇത്തരമൊരു ചാരന്‍ ലോകചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സത്യത്തില്‍ ഭഗത് റാം തല്‍വാര്‍ ഇന്ത്യയിലെ കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും മാത്രം കൂറും പ്രതിബദ്ധതയുമുള്ള ആളായിരുന്നു. യുദ്ധം അവസാനിച്ചതോടെ ഭഗത് റാമിന്റെ ദൗത്യങ്ങളും ചാരപ്പണിയും അവസാനിച്ചു. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍ തുക പ്രതിഫലം പറ്റിയിരുന്നു. 1945ല്‍ ഭഗത് റാം നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രൊവിന്‍സിലെ കാടുകളില്‍ അപ്രത്യക്ഷനായി. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശില്‍ വിശ്രമജീവിതം നയിച്ച അദ്ദേഹം 1983ല്‍ അന്തരിച്ചു. ഏറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു അതുല്യനായ ഈ ഇന്ത്യന്‍ ചാരന്റെ വിസ്മയകരമായ ചരിത്രം പുറംലോകമറിയാന്‍.

This post was last modified on November 10, 2017 4:02 pm