X

ശബരിമല തന്ത്രി പദവി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തന്നതല്ല പരശുരാമനില്‍ നിന്നും ലഭിച്ചത്: താഴമണ്‍ മഠം

ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കില്‍ തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു

ശബരിമല ക്ഷേത്രം അടച്ചിട്ട് ശുദ്ധക്രിയ നടത്തിയ സംഭവത്തില് ദേവസ്വം ബോര്‍ഡിന് മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴമണ്‍ മഠം രംഗത്ത്. ശബരിമല ക്ഷേത്രത്തിന്റെ തന്ത്രി പദവി ബിസി 100ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ശബരിമല തന്ത്രി പദവി കുടുംബപരമായി കൈമാറി പോരുന്ന അവകാശമാണ് അല്ലാതെ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ നല്‍കുന്നതല്ലെന്ന് നിലവിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മറുപടിയായി ഇവര്‍ പറയുന്നു. യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിക്കെതിരാണെന്ന് നേരത്തെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. കൂടാതെ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് വിശദീകരണ നോട്ടീസ് നല്‍കുകയും ചെയ്തു. ദേവസ്വം മാനുവല്‍ ഉദ്ദരിച്ച് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കില്‍ തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും അവകാശവും ഊന്നിപ്പറഞ്ഞ് തന്ത്രി കുടുംബം രംഗത്തെത്തിയത്.

താഴമണ്‍ കുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമര്‍ശങ്ങള്‍ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്. അതിനാല്‍ ചിലത് ചൂണ്ടിക്കാണിക്കാന്‍ താല്‍പര്യപ്പെടുകയാണ് ഇവിടെ.

1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC100ലാണ് നല്‍കപെട്ടത്. അത് ശ്രീ പരശുരാമ മഹര്‍ഷിയാല്‍ കല്‍പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വം ബോര്‍ഡ് നിയമിക്കുന്നതല്ല

2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്‍പങ്ങള്‍ക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാര്യമാണ് ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.

3.ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതും. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ അത് താഴമണ്‍ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.

Related Post
Leave a Comment