X

മാതൃഭൂമിയും മലയാള നാടും നിലവാര യോഗ്യമല്ലെന്ന് വിധിയെഴുതിയ നോവല്‍ ആണ് ഹിരണ്യം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

ദുര്‍മന്ത്രവാദത്തിന്റെ ഒരു ലോകമാണ് നോവല്‍ പറയുന്നത്

മാതൃഭൂമിയും മലയാള നാടും നിലവാര യോഗ്യമല്ലെന്ന് പറഞ്ഞ നോവലാണ് ഡി സി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ഹിരണ്യമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. 1977ല്‍ എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ച വീക്ഷണം വാരികയിലാണ് നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരനായിരുന്നു അന്ന് വീക്ഷണത്തിന്റെ എഡിറ്റര്‍. ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനാണെന്നും ചുള്ളിക്കാട് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ആദ്യം മാതൃഭൂമിക്കാണ് ഇത് അയച്ചുകൊടുത്തത്. നിലവാരയോഗ്യമല്ലാത്തതിനാല്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു മറുപടി. പിന്നീട് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന എസ് കെ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന മലയാള നാട് വാരികയ്ക്ക് അയച്ചുകൊടുത്തു. അവിടെയും പ്രസിദ്ധീകരിച്ചില്ല.

44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1975ല്‍, തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ആ നോവല്‍ എഴുതുന്നത്. വളരെ ചുരുക്കം പേജുള്ള അതിനെ ഒരു നോവലൈറ്റ് എന്ന് വിളിക്കുന്നതാകും കൂടുതല്‍ ചേരുകയെന്നും ചുള്ളിക്കാട് വ്യക്തമാക്കി. ‘പ്രീ-ഡിഗ്രി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു നടക്കുന്ന അക്കാലത്താണ് ഞാന്‍ അത് എഴുതുന്നത്. അക്കാലത്താണ് ഒരു കൗമാര കൗതുകത്തിന്റെ പുറത്ത് മന്ത്രവാദത്തില്‍ കമ്പം തോന്നി, നാട്ടിലെ ഒരു മന്ത്രവാദിക്ക് ശിഷ്യപ്പെടുന്നത്. നശീകരണ വാസനയോടെ നടക്കുന്ന അക്കാലത്ത് ദുര്‍മന്ത്രവാദം പഠിക്കാന്‍ ശ്രമിക്കുന്നത്. പഠിച്ചത് അവര്‍ണ്ണ മന്ത്രവാദമാണ്. മനുഷ്യനെ കൊല്ലുക, അസുഖം വരുത്തുക, മനുഷ്യരെ നശിപ്പിക്കുക എന്നതൊക്കെയാണല്ലോ ഈ ദുര്‍മന്ത്രവാദം. ഇതിനെ കുറിച്ച് ഞാന്‍ ഒരു ചാപ്റ്റര്‍ ചിദംബര സ്മരണയില്‍ എഴുതിയിട്ടുണ്ട്. മന്ത്രവാദി എന്ന പേരില്‍. അതിന്റെ ഒഴുക്കില്‍ നടക്കുന്ന കാലത്താണ് ഹിരണ്യം എഴുതുന്നത്.

നോവല്‍ ആയിട്ടോ, ഗദ്യമായിട്ടോ അല്ല ആദ്യം അതെഴുതുന്നത്. പദ്യ രൂപത്തിലാണ് അതാദ്യം എഴുതാന്‍ മെനക്കെട്ടത്. അത് പക്ഷെ ഒരു പരാജയമായി പോയി. അക്കാലത്ത് ഗദ്യ രൂപത്തില്‍ കവിത എഴുതുന്ന രീതി മലയാളത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ കവിതയായി തന്നെ ആ നോവല്‍ എഴുതാമായിരുന്നു. അങ്ങനെ ഗദ്യ രൂപത്തിലാണ് ആ ദുര്‍മന്ത്രവാദം പശ്ചാത്തലമാക്കി ഹിരണ്യം എഴുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോവലിസ്റ്റ് ആയി അറിയപ്പെടാന്‍ ആഗ്രഹമില്ലാത്തതിനാല്‍ പ്രസിദ്ധീകരിച്ച ശേഷം ഇതിനെക്കുറിച്ച് മറന്നതായും ചുള്ളിക്കാട് വ്യക്തമാക്കി.

ദുര്‍മന്ത്രവാദത്തിന്റെ ഒരു ലോകമാണ് നോവല്‍ പറയുന്നത്. രചനാ രീതിയും പുതിയ വായനക്കാര്‍ക്ക് അപരിചിതമായി തോന്നാം. എങ്കിലും ആ അപരിചിതത്വം വായനക്കാരില്‍ ഒരുപക്ഷെ താല്പര്യം ഉണ്ടാക്കിയേക്കാമെന്ന് ഡി സി ബുക്‌സിന്റെ അഭിപ്രായത്തെ മാനിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവാദം കൊടുത്തത്. ഒരു കൃതിയുടെയും വിധി തീരുമാനിക്കാന്‍ നമുക്ക് കഴിയില്ലല്ലോ. പലതും സഹിച്ച വായനക്കാര്‍ ഇതും സഹിക്കുമെന്ന് കരുതാമെന്നും ഡിസി ബുക്‌സ് വീക്ഷണത്തിന്റെ കോപ്പിയുമായി സമീപിച്ചതിനാലാണ് പുസ്തകമാക്കാന്‍ തീരുമാനിച്ചതെന്നും ചുള്ളിക്കാട് പറഞ്ഞു. അടുത്തയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്.